 വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ സുഗമ പ്രവർത്തനത്തിന് ആവശ്യമായ മെഡിക്കൽ ഓഫീസർമാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫും അടക്കം ആവശ്യമായ മുഴുവൻ ജീവനക്കാരെയും നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മെഡിക്കൽ കോളജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചതിനു പിന്നാലെ ഇടുക്കി ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷൻ സി.വി. വർഗീസും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.സി) മേൽനോട്ടത്തിലാകും മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാവി വികസനം ആസൂത്രണം ചെയ്യുക. ക്ലാസ് തുടങ്ങുന്നതിന് മുമ്പായി ദൈനംദിന അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് സൗകര്യങ്ങൾ പൂർണമായി ഒരുക്കും. പുതിയ കെട്ടിടങ്ങൾ അടക്കം നിർമിക്കേണ്ടതുണ്ട്. ഓൺകോളജി, യൂറോളജി, കാർഡിയോളജി വിഭാഗങ്ങൾ ആരംഭിക്കണം.

അക്കാദമിക് ബ്ലോക്കുകളുടെ നിർമ്മാണം, ഐ.പി- ഒപി ബ്ലോക്കുകളുടെ നിർമ്മാണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിഞ്ഞു. വിദ്യാർത്ഥികൾക്കാവശ്യമായ ഹോസ്റ്റലുകളുടെയും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സുകൾക്കുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോമ്പോണ്ടിനുള്ളിലൂടെയുള്ള റോഡുകളുടെ നിർമാണം,​ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ലൈബ്രറി, ലബോറട്ടറി കെട്ടിടങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റോഷി പറഞ്ഞു. മന്ത്രിയെ സി.പി.എം ജില്ലാ സെക്രട്ടറിയും മെഡിക്കൽ കോളേജ് ഗവ. പ്രതിനിധിയുമായ സി.വി. വർഗീസ് പൊന്നാടയണിച്ചു സ്വീകരിച്ചു. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും മധുരപലഹാരം വിതരണം ചെയ്തും മാലപ്പടക്കം പൊട്ടിച്ചും സന്തോഷം പങ്കിട്ടു.
ജില്ലാ പഞ്ചായത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കളക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, കടാശ്വാസ കമ്മിഷൻ അംഗം അഡ്വ. ജോസ് പാലത്തിനാൽ, മെഡിക്കൽ കോളേജ് ഗവൺമെന്റ് പ്രതിനിധി ഷിജോ തടത്തിൽ, ജോസ് കുഴികണ്ടം, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, രാജു കല്ലറക്കൽ, അനിൽ കൂവപ്ലാക്കൽ, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, സജി തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.