തൊടുപുഴ: മാരിയിൽക്കലുങ്ക് പാലം അപ്രോച്ച് റോഡ് നിർമാണത്തിനു മുന്നോടിയായി അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 6.48 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

2017 ൽ പാലം നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് പാലം ഉപയോഗിക്കാൻ സാധിച്ചില്ല.

അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് 2021 ജൂലായ് മാസം സ്ഥലം സന്ദർശിച്ച മന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. അപ്രോച്ച് റോഡിനായി 18 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. തുടർന്ന് അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കാൻ ആദ്യഘട്ടമായി 2.90 കോടി രൂപ അനുവദിച്ചിരുന്നു. അത് പ്രകാരം 11 പേരുടെ സ്ഥലമേറ്റെടുക്കുകയും ചെയ്തു. ബാക്കി സ്ഥലം കൂടി ഏറ്റെടുക്കുന്നതിന് ഇപ്പോൾ 6.48 കോടി രൂപ കൂടി അനുവദിച്ചിരിക്കുകയാണ്. ഇതോടെ അപ്രോച്ച് റോഡിന്റെ ഭൂമി ഏറ്റെടുക്കലിനായി ആകെ 9.38 കോടി രൂപയാണ് അനുവദിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ നടപടി റവന്യൂ വകുപ്പ് പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് നൽകും. റോഡ് നിർമാണത്തിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിനു കൈവശം ഉണ്ട്. ബൈപാസ് റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കാനാകുമെന്ന് പി.ജെ. ജോസഫ് എം.എൽ.എയും പറഞ്ഞു.