തൊടുപുഴ: കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ നാല് പോക്‌സോ കേസുകളിൽ നാലു പ്രതികൾക്കെതിരെ ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗ്ഗീസ് ശിക്ഷ വിധിച്ചു. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രാജാക്കാട് സ്റ്റേഷൻ പരിധിയിലെ മൂന്നു കേസുകളിലുമാണ് ശിക്ഷ. ആറു വയസുകാരിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ച കേസിൽ മരിയാപുരം കുതിരക്കല്ല് സ്വദേശി വിമലിനെ 81 വർഷം തടവിനും 31,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിക്കണം. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി 50,000 രൂപയും നൽകണം. 2019 നവംബറിനും 2020 മാർച്ചിനുമിടയിലായിരുന്നു പീഡനം. തടിയമ്പാട്ടെ ഓട്ടോഡ്രൈവറായ വിമൽ പെൺകുട്ടിയുടെ കുടുംബസുഹൃത്തും വീട്ടിലെ നിത്യസന്ദർശകനുമായിരുന്നു. കുട്ടിയിൽ നിന്ന് പീഡനവിവരം മനസിലാക്കിയ സഹോദരിയാണ് അമ്മയെ അറിയിച്ചത്. അമ്മ ചൈൽഡ്‌ലൈനിനെ അറിയിച്ചതിനു പിന്നാലെ പ്രതി അറസ്റ്റിലായി. പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അയൽവാസിയും രാജാക്കാട് അമ്പലക്കവല സ്വദേശിയുമായ അഭിലാഷിനെ (30) 40 വർഷം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ 20 വർഷമായിരിക്കും തടവ്. വീട്ടിൽ അതിക്രമിച്ചുകയറി 15കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബൈസൺവാലി പൊട്ടൻകാട് സ്വദേശി തങ്കത്തിന് (45) പന്ത്രണ്ടര വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷ നാലുവർഷം അനുഭവിച്ചാൽ മതി. പ്രതിയുടെ പീഡനശ്രമത്തിൽ നിന്ന് രക്ഷപെട്ട് പെൺകുട്ടി അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞെത്തിയ അമ്മയെയും സഹപ്രവർത്തകനെയും പ്രതി മർദ്ദിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി 10,000 രൂപയും നൽകണം. അമ്മയോടൊപ്പം വീട്ടുമുറ്റത്ത് നിന്ന ആറു വയസുകാരനെ കളിപ്പിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടുപോയി ലൈംഗികപീഡനത്തിന് ശ്രമിച്ച അയൽവാസിയെ 37 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എൻ.ആർ സിറ്റി പുന്നസിറ്റി സ്വദേശി സുരേഷാണ് (44) പ്രതി. ആകെ 10 വർഷം തടവ് അനുഭവിച്ചാൽ മതി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി 50,000 രൂപയും കൈമാറണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.