തൊടുപുഴ: പച്ചക്കപ്പയുടെ വില കേട്ട് ജനങ്ങൾ അത്ഭുതപ്പെടുകയാണ്.ഏതാനും മസങ്ങൾക്ക് മുൻപ് വരെ ഒരു കിലോ പച്ചക്കപ്പക്ക് 15 രൂപ വരെയായിരുന്നു വില.പിന്നീട് 20മുതൽ30 രൂപ വരെയായി ഉയർന്നത് പിന്നെ ഒരു കുതിച്ച്ചാട്ടമായിരുന്നു. . തൊടുപുഴ ഉൾപ്പടെയുള്ള ചില പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങളായിട്ട് 60 വില രൂപയിൽ എത്തി.വില ഗണ്യമായി ഉയർന്നപ്പോൾ നാട്ടിൻ പുറങ്ങളിൽ പോലും പച്ചക്കപ്പ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ.വില തീരെ കുറഞ്ഞതിനെ തുടർന്ന് കർഷകർ കൂട്ടത്തോടെ കഴിഞ്ഞ വർഷം കപ്പ കൃഷിയിൽ നിന്ന് പിൻവലിഞ്ഞിരുന്നു.കാലാവസ്ഥ വ്യതിയാനം,ഫംഗസ് ആക്രമണം,തണ്ടും ഇലകളും അഴുകൽ,വാടൽ രോഗം എന്നിങ്ങനെ കാരണങ്ങളാലും കപ്പ കൃഷിക്ക് കഴിഞ്ഞ വർഷം വ്യാപകമായ നഷ്ടവും സംഭവിച്ചിരുന്നു.ഇവയെ പ്രതിരോധിക്കാൻ കർഷകർക്ക് കഴിയാതെ വന്നതും പ്രശ്‌നമായി.മറ്റ് കാർഷിക വിളകൾക്ക് നൽകുന്ന പരിഗണന അധികൃതർ കപ്പ കൃഷിക്ക് നൽകുന്നില്ല എന്നും കർഷകർ പറയുന്നു.
കച്ചവടക്കാർക്ക് ആശങ്ക
കപ്പയുടെ വില ഉയരുന്നത് മൊത്തക്കച്ചവടക്കരേയും ആശങ്കപ്പെടുത്തുകയാണ്.ചില്ലറ കച്ചവടക്കാർ കപ്പ വാങ്ങാത്തതിനാൽ മൊത്ത കച്ചവടക്കാരും കർഷകരിൽ നിന്ന് കപ്പ വാങ്ങുന്നില്ല.പറമ്പിൽ നിന്ന് പറിച്ചതിന് ശേഷം കൂടുതൽ ദിവസം ഇരുന്നാൽ കപ്പ കേടാകാനും സാദ്ധ്യതയുണ്ട്. ഇപ്പോഴത്തെ വിലക്ക് വാങ്ങിയാൽ വിറ്റഴിക്കാൻ കഴിയില്ല എന്ന് ചില്ലറ കച്ചവടക്കാരും പറയുന്നു.
തട്ട് കടകളിൽനിന്നും
ക്ളീൻ ഔട്ട്
നാട്ടിൻപുറം നഗരം എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ തട്ടുകടകളിലെ പ്രധാന വിഭവമാണ് പച്ചക്കപ്പ.വൈകുന്നേരസമയങ്ങളിൽ തട്ട് കടകളിൽ നിന്ന് കപ്പ ബിരിയാണി ഉൾപ്പടെ വിവിധ വിഭവങ്ങൾ കഴിക്കാൻ കുടുംബ സമേതമാണ് ആളുകൾ എത്തിയിരുന്നതും.ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളും കപ്പ വിഭവങ്ങൾക്ക് കൂട്ടത്തോടെയാണ് തട്ടുകടകളിലേക്ക് എത്തിയിരുന്നത്.എന്നാൽ കപ്പ വില കൂടിയതിനെ തുടർന്ന് കപ്പ വിഭവങ്ങളെ ഒഴിവാക്കുകയാണ് തട്ട് കട നടത്തിപ്പുകാർ.