രാജാക്കാട്: നാട്ടുകാർക്ക് ശല്യം ചെയ്തു വന്ന വാനരൻ ഒടുവിൽ കെണിയിലായി. രാജാക്കാട് ടൗണിന്റെ പ്രാന്ത പ്രദേശങ്ങളിൽ കുറച്ചു നാളുകളായി പ്രദേശവാസികൾക്ക് ശല്യം ചെയ്തു വരികയായിരുന്നു ഈ കുട്ടിക്കുരങ്ങൻ. ഒടുവിലായപ്പോൾ ടൗണിലായി ഇവന്റെ വികൃതി. കച്ചവടക്കാരെ പല വിധത്തിൽ ഉപദ്രവിക്കാൻ തുടങ്ങി. ജീവനക്കാരുടെ കണ്ണ് തെറ്റിയാൽ ഹോട്ടലുകളിൽ നിന്ന് എടുക്കാവുന്ന ഭക്ഷണസാധനം റാഞ്ചി സ്ഥലം വിടും. പഴവർഗ്ഗങ്ങളും മറ്റ് ലഘു ഭക്ഷണസാധനങ്ങളും റാഞ്ചും. പല കടകളുടെയും ഫ്ളക്‌സ് ബോർഡുകളും നശിപ്പിച്ചു. രാജാക്കാട് ഗവ. സ്‌കൂളിലെ സി.സി ടി.വി ക്യാമറ നശിപ്പിക്കാനും ഇവൻ മറന്നില്ല. പ്രദേശവാസികളുടെ വീടുകളിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ എടുത്തു കൊണ്ടുപോകുന്നതും പതിവായി. സഹികെട്ട വ്യാപാരികൾ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. പൊൻമുടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. സുജിതിന്റെ നേതൃത്വത്തിൽ ഗാർഡുമാരായ ബിനീഷ്, ജോസ്, ജിന്റോ വറുഗീസ് എന്നിവരെത്തി കൂട് സ്ഥാപിച്ചു. ഒടുവിൽ കുരങ്ങ് കെണിയിൽ വീണു. കൂട് സഹിതം വാനരനെ ദേവികുളം റാപ്പിഡ് റെസ്‌പോൺസ് ടീം ഡെപ്യൂട്ടി റേഞ്ചർ ആർ. രഞ്ജിത്തിനെയും സംഘത്തെയും ഏൽപ്പിച്ചു. കുരങ്ങനെ പിന്നീട് ചിന്നാർ വനത്തിൽ തുറന്നു വിട്ടു.