തൊടുപുഴ: വിൽപ്പനയ്ക്കായി കൊണ്ടു വന്ന 35 കിലോ കഞ്ചാവുമായി ഗുണ്ടാ നേതാവ് പിടിയിലായ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. ഊന്നുകൽ നെല്ലിമറ്റം മങ്ങാട്ടുപടി മുളമ്പേൽ അജ്മൽ റസാഖിനെയാണ് (33) അടിമാലിയിൽ നിന്നും പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച ആന്ധ്ര രജിസ്‌ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.45 ഓടെ മണക്കാട് ഇറക്കുംപുഴ പാലത്തിനടുത്തു നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവ സ്ഥലത്തു നിന്നും മുഖ്യ പ്രതിയായ ഏഴല്ലൂർ ചങ്ങനാപറമ്പിൽ വടിവാൾ കണ്ണൻ എന്നറിയപ്പെടുന്ന വിഷ്ണു (27)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പിടികൂടിയതോടെ കഞ്ചാവുമായി വാഹനത്തിലെത്തിയ അജ്മൽ കടന്നു കളയുകയായിരുന്നു. ആന്ധ്രയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐ കൃഷ്ണൻനായർ, എ.എസ്.ഐമാരായ ഷംസുദ്ദൂീൻ, ഉണ്ണികൃഷ്ഷൻ, എസ്.സി.പിഒ മാഹിൻ, സി.പി.ഒ സിനാജ് എന്നിവരുടെ നേതൃത്വത്തിലാണ് അടിമാലി ഭാഗത്ത് കാർ തടഞ്ഞ് പ്രതിയെ പിടി കൂടിയത്.