തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ നടക്കുന്ന ചരിത്രപ്രസിദ്ധമായ ഇടവെട്ടി ഔഷധസേവ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 5 മുതൽ ഔഷധസേവ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദപണ്ഡിതന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കുന്ന ചടങ്ങ് നടക്കും. നാളെ രാവിലെയും വേദപണ്ഡിതന്മാരുടെ ഔഷധ സൂക്തം ഉണ്ടാകും. ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി, പി.കെ. നമ്പൂതിരിപ്പാട് പുതുവാമന, മാധവൻ പോറ്റി തുരുത്തേൽ മഠം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിശിഷ്ട അതിഥിയായി സ്വാമി ഉദിത് ചൈതന്യ പങ്കെടുക്കും. ഔഷധസേവയുടെ സന്ദേശം അദ്ദേഹം നൽകും. ഔഷധസേവയുടെ വിവിധ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കൺവീനർമാരെ അദ്ദേഹം അനുമോദിക്കും. രാവിലെ അഞ്ച് മുതൽ കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസ് ഉണ്ടായിരിക്കും. ഈ വർഷം ഔഷധസേവയ്ക്ക് 35000ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് ഇസ് കോൺ കൊച്ചി സെന്ററിന്റെ നേതൃത്വത്തിൽ നഗരസങ്കീർത്തനവും ഉണ്ടാകും. വിശിഷ്ടാതിഥികളായി ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ, മുൻ ദേവസ്വം ബോർഡ് മെമ്പർ എം.ബി. ശ്രീകുമാർ, കിടങ്ങൂർ ദേവസ്വം മാനേജർ എൻ.പി. ശ്യാംകുമാർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം സെക്രട്ടറി സിജു ബി. പിള്ള, സഹരക്ഷാധികാരി എം.ആർ. ജയകുമാർ പുത്തൻമഠത്തിൽ, ഖജാൻജി രവീന്ദ്രൻ മൂത്തേടത്ത്, ക്ഷേത്രം മാനേജർ സതീഷ് കൊല്ലപറമ്പിൽ, ഔഷധസേവയുടെ കൺവീനർ സുധീർ കുമാർ പുളിക്കൽ എന്നിവർ പങ്കെടുത്തു.

ഔഷധ സേവയുടെ പ്രത്യേകത

രോഗങ്ങൾ വരുന്നതിന് ഏറ്റവും അധികം സാധ്യതയുള്ള കർക്കടക മാസത്തിന്റെ മദ്ധ്യ ദിനത്തിൽ ക്ഷേത്രസവിധത്തിൽ ഇരുന്ന് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന ഔഷധക്കൂട്ട് സമം വെണ്ണ ചേർത്ത് നാലമ്പലത്തിൽ വടക്കോട്ട് തിരിഞ്ഞിരുന്ന് ആചാര്യന്മാർ ചൊല്ലിത്തരുന്ന മന്ത്രം ഏറ്റുചൊല്ലി സേവിക്കുന്ന ചടങ്ങാണിത്. ഔഷധക്കൂട്ടിൽ ചേർക്കുന്നതിന് ആവശ്യമായ വെണ്ണ വാഴൂർ ശ്രീ തീർത്ഥപാദ ആശ്രമത്തിൽ നിന്നാണ് കൊണ്ടുവരുന്നത്.