കട്ടപ്പന: ഡ്യൂട്ടി സമയത്ത് ഓഫീസ് വിട്ടിറങ്ങി വീട്ടിലേക്ക് പോകാൻ ശ്രമിച്ച പഞ്ചായത്ത് സെക്രട്ടറിയെ അംഗം തടഞ്ഞു. ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദിനെയാണ് ഒന്നാം വാർഡ് പ്രതിനിധി ഫ്രാൻസിസ് ദേവസ്യ തടഞ്ഞത്. എന്നാൽ പഞ്ചായത്തംഗത്തിനെ തള്ളിമാറ്റി സെക്രട്ടറി സ്ഥലം കാലിയാക്കി. വെള്ളിയാഴ്ച വൈകിട്ട് 3.30 നായിരുന്നു സംഭവം. ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് വീട്ടിലേക്ക് പോകാനായി ബാഗുമായി ഇറങ്ങിയ സെക്രട്ടറി ഷാഹുലിനെ ഓഫീസിന് മുമ്പിൽ വച്ചാണ് ഫ്രാൻസിസ് തടഞ്ഞത്. ഓഫീസ് സമയം കഴിയുന്നതിന് മുമ്പ് പോകാൻ പാടില്ലെന്ന് മെമ്പർ സെക്രട്ടറിയോട് പറഞ്ഞു. എന്നാൽ 'മെമ്പർ മെമ്പറിന്റെ പണി ചെയ്താൽ മതി ഞാൻ എന്റെ പണി നോക്കിക്കോളാം" എന്ന് പറഞ്ഞ് സെക്രട്ടറി തള്ളി മാറ്റി പോവുകയായിരുന്നു. പശുപ്പാറ സ്വദേശികൾ വിവാഹ സർട്ടിഫിക്കറ്റിനായി സെക്രട്ടറിയെ സമീപിച്ചിരുന്നു. എന്നാൽ തിരുത്ത് ഉണ്ടെന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ചു. എറണാകുളത്ത് നിന്നാണ് തങ്ങൾ വന്നത് എന്നറിയിച്ചപ്പോൾ ഓഫീസ് സമയത്തിന് മുമ്പ് വന്നാൽ ശരിയാക്കി ത്തരാമെന്ന് സെക്രട്ടറി പറഞ്ഞു. ഇപ്രകാരം നാല് മണിക്ക് മുമ്പായി ദമ്പതികൾ എത്തിയപ്പോൾ സെക്രട്ടറി ഓഫീസിൽ ഉണ്ടായിരുന്നില്ല. സെക്രട്ടറി സ്ഥിരമായി താമസിച്ച് വരുന്നതും നേരത്തെ പോകുന്നതും ഒഴിവാക്കണമെന്ന് ഭരണസമിതി മുമ്പ് അറിയിച്ചിരുന്നു. എന്നാൽ രാവിലെയും വൈകിട്ടും ഫീൽഡിൽ പോകണമെന്നാണ് ഇദ്ദേഹം മറുപടി നൽകിയത്. തുടർച്ചയായി 11.30 ന് ഓഫീസിലെത്തുകയും 3.30 ന് ഓഫീസ് അടച്ച് പോകുന്നതുമാണ് സെകട്ടറിയുടെ പതിവെന്ന് ആരോപണമുണ്ട്. അതേ സമയം സെക്രട്ടറിയെ മെമ്പർ തടഞ്ഞതിൽ പ്രതിഷേധിച്ച് ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. സംഭവത്തിൽ എൻ.ജി.ഒ യൂണിയനും പ്രതിഷേധിച്ചു.