കട്ടപ്പന :വാഴവര അർബൻ പി.എച്ച്.സി കെട്ടിട നിർമ്മാണത്തിന് നഗരസഭ അനുവദിച്ചതായി അറിയിച്ച 25 ലക്ഷം രൂപ കേന്ദ്ര സർക്കാർ നൽകിയ ഹെൽത്ത് ഗ്രാന്റ്.കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും അർബൻ ആശുപത്രിക്ക് തുക വകയിരുത്തിയെന്നാണ് ഭരണ സമിതി അറിയിച്ചിരുന്നത്.എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ അടക്കമാണ് പ്രതിപക്ഷം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.നഗര മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വിപുലപ്പെടുത്തുന്നതിന് കേന്ദ്ര വിഹിതമായി സംസ്ഥാന സർക്കാരിന് ലഭിച്ച ധനകാര്യ ഹെൽത്ത് ഗ്രാന്റിൽ നിന്നും ലഭിച്ച പണമാണ് ഭരണകക്ഷി തനത് ഫണ്ടാണെന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.കട്ടപ്പന നഗരസഭയുടെ കീഴിൽ വരുന്ന വാഴവര അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി നിലവിൽ വാകപ്പടിയിൽ പ്രവർത്തിക്കുന്ന ആശുപത്രി ഇവിടേയ്ക്ക് മാറ്റുവാനാണ് നഗരസഭ ഭരണ സമിതി തനത് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ദിവസങ്ങൾക്ക് മുൻപ് അറിയിച്ചത്.മുൻ ചെയർപേഴ്‌സൺ ബീനാ ജോബി കരട് പദ്ധതി രേഖയിൽ അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പകരമാണ് ഭരണകക്ഷി അംഗങ്ങൾ കഴിഞ്ഞ കൗൺസിലിൽ കാൽകോടി രൂപ വിനിയോഗിക്കുവാൻ തീരുമാനിച്ചത്.പണം അനുവദിച്ച ഭരണ സമിതിക്ക് അനുമോദനമറിയിച്ച് വാഴവര മേഖലയിൽ യു ഡി എഫ് പ്രാദേശിക കമ്മറ്റികൾ ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചു.ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.വാഴവര മേഖലയിലാണ് ഫ്‌ളെക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.നഗരസഭ അദ്ധ്യക്ഷ ഷൈനി സണ്ണി,വൈസ് ചെയർമാൻ ജോയ് ആനിതോട്ടം,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ എലിയാമ്മ കുര്യാക്കോസ്,ജെസ്സി ബെന്നി എന്നിവരുടെ ചിത്രങ്ങളാണ് ബോർഡിലുള്ളത്.

വിഹിതമായി ലഭിച്ച തുക മറച്ചു വച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലാണ് ഭരണകക്ഷി പ്രവർത്തിക്കുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.തനത് ഫണ്ട് അനുവദിച്ചെന്ന പേരിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.