തൊടുപുഴ: കരിമണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന 13 അംഗ ഭരണ സമിതിയിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്. ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. അക്രമ സാദ്ധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും കാട്ടി യു.ഡി.എഫ് പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. നേരത്തെ തൊടുപുഴ കാർഷിക വികസന ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പ്രകാരം സ്ഥലത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയത്. തൊടുപുഴ ഡിവൈ.എസ്.പിയുടെയും കരിമണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിൽ 238 സേനാംഗങ്ങളെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനെത്തുന്നവർക്കും സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പ്രത്യേക ക്രമീകരണങ്ങളും സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർക്കായി പൊലീസ് സ്റ്റേഷനിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. വോട്ടർമാർക്ക് എന്തെങ്കിലും സംശയങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാൽ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.