
ചെറുതോണി:നാവിൽ രുചിയൂറും വിഭവങ്ങളുമായി ചക്ക ഫെസ്റ്റ്, നടത്തി. ചക്ക കൊണ്ട് നൂറിൽപരം അതിരുചികരമായ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മരിയാപുരം പഞ്ചായത്തിലെ വീട്ടമ്മമാർ. ചക്കയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വിവിധതരത്തിലുള്ള പലഹാരങ്ങളും കറികളുമാണ് ഇവർ ഇവിടെ അവതരിപ്പിച്ചത്. ചക്ക അരച്ച് പൂരി മുതൽ കട്ട്‌ലെറ്റ്, പുട്ട്, കൂഞ്ഞിതോരൻ , ബജി , ചക്കക്കുരു നുറുക്ക്, ഉൾപ്പെടെയുള്ള പലഹാരങ്ങളും ഇവർ ഇവിടെ അവതരിപ്പിച്ചു. മീനിന്റെയും ഇറച്ചിയുടെയും അതേ രുചി നാവിന് പകരും വിധത്തിൽ ചക്കയുടെ കൂഞ്ഞലും, പാടയും ചകിണിയും ഉപയോഗിച്ച് ഉണ്ടാക്കിയ ഇറച്ചിയും, മീനും ഉൾപ്പെടെയുള്ള വിഭവങ്ങൾ മേളയ്ക്ക് കൊഴുപ്പ് പകർന്നു. ചക്കയുടെ കൂഞ്ഞൽ വെട്ടി ചുട്ട് വറ്റൽ മുളകും വെളിച്ചെണ്ണയും കറിവേപ്പിലയും കൂട്ടി ഉണക്കിറച്ചി ചക്ക ഉണ്ടാക്കാമെന്ന അറിവ് ഫെസ്റ്റ് നഗരിയിലെത്തിയ സന്ദർശകർക്ക് വീട്ടമ്മമാർ പകർന്നു നൽകി. മരിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇടുക്കിയിലെ മേരി മാതാ, ബ്ലെസ്സിംഗ്, ഉഷസ്, മിനി ഡാം ക്രൈസ്റ്റ്, കുതിരക്കല്ല് അമല എൻ എച്ച് ജി, കരിമ്പൻ ഗ്രീൻവാലി, ചൈതന്യ ഉൾപ്പെടെയുള്ള യൂണിറ്റുകളാണ് വിഭവങ്ങൾ അവതരിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളായ നിർമ്മലാ ലാലച്ചൻ, അനുമോൾ കൃഷ്ണൻ, ബീന ജോമോൻ, സിന്ധു കെ എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആലീസ് വർഗീസ്, സെക്രട്ടറി വിനു കുമാർ, സബിയാ മുജീബ് സിഡിഎസ് മെമ്പേഴ്‌സ് ജില്ലാ മിഷൻ കോഡിനേറ്റേഴ്‌സ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.