ഇടുക്കി: കൃത്യം ഒരു വർഷം മുമ്പ് ഇതുപോലൊരു ജൂലായിൽ ജില്ലാ വികസന കമ്മിഷണറായി ജില്ലയിലെത്തിയ ഇടുക്കിക്കാരനായ അർജ്ജുൻ പാണ്ഡ്യനെ ഹൃദയംകൊണ്ടായിരുന്നു ഇടുക്കിക്കാർ സ്വീകരിച്ചത്. അതേ ആത്മാർത്ഥതയോടെ ഹൈറേഞ്ചിൽനിന്നുള്ള ആദ്യ ഐ.എ.എസുകാരനായ അർജ്ജുൻ ജില്ലയുടെ വികസന കുതിപ്പിന് പുത്തൻ ഉണർവ് നൽകി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചു. ഇനി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായി തലസ്ഥാനത്തേക്ക്. തന്റെ ഉത്തരാവാദിത്വങ്ങളിൽ 100 ശതമാനം നീതി പുലർത്തിയെന്ന വിശ്വാസത്തോടെയാണ് അദ്ദേഹത്തിന്റെ മടക്കം.
ഇടുക്കി മെഡിക്കൽ കോളേജ് സ്‌പെഷ്യൽ ഓഫീസർ എന്ന നിലയിൽ ആശുപത്രി വികസനത്തിനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. മെഡിക്കൽ കോളേജിന്റെ അംഗീകരത്തിനായി രണ്ടാഴ്ചയിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിച്ചു, നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. പടിയിറങ്ങുമ്പോൾ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതിന്റെ സംതൃപ്തിയിലാണ് അദ്ദേഹവും.
ഏറെ പ്രതിസന്ധിയിലായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ വികസനപ്രവർത്തികൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൂർത്തീകരണത്തിലേക്കെത്തിക്കുന്നതിൽ അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ട്. ഏലപ്പാറ പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലെത്തിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കഴിഞ്ഞു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയപ്പോൾ വേഗത്തിലാക്കാൻ ഇടപെട്ടു. വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പ് സ്‌പെഷ്യൽ ഓഫീസർ കൂടിയായിരുന്ന അദ്ദേഹം ആദ്യഘട്ടപരിശീലനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൽ നേതൃത്വം നൽകിയിരുന്നു. ടൂറിസം വികസനത്തിന്റെ അനന്ത സാദ്ധ്യതകളിലേക്ക് വാതിൽ തുറന്ന് പെരിയാർ നദിയിലെ അയ്യപ്പൻകോവിലിൽ കയാക്കിങ് സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചതും അർജുൻ പാണ്ഡ്യന്റെ ആശയമായിരുന്നു. ഇടുക്കി പാക്കേജിൽ കായികരംഗത്തേക്ക് മാത്രമായി പ്രത്യേക വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ തോട്ടം ഉടമകളുടെയും യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചു ചേർക്കുകയും ലയങ്ങൾ സന്ദർശിക്കുകയും ചെയ്തു. കൊക്കയാർ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു.
സമുദ്ര നിരപ്പിൽ നിന്നും 5,760 മീറ്റർ ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ- 2 എന്ന കൊടുമുടി കീഴടക്കി സാഹസിക പർവ്വതാരോഹണത്തിലും അദ്ദേഹം തന്റെ പാദമുദ്ര പതിപ്പിച്ചു. ഉത്തരകാശിയിലെ എൻ.ഐ.എംൽ നിന്നുള്ള അഡ്വാൻസ്ഡ് മൗണ്ടനിയറിംഗ് കോഴ്‌സിന്റെ ഭാഗമായാണ് അദ്ദേഹം കൊടുമുടി കയറിയത്.
2016ൽ ഐ.എ.എസ് നേടിയ അർജ്ജുൻ 2019 ൽ ഒറ്റപ്പാലം സബ് കളക്ടറായാണ് ചുമതലയേറ്റത്. മാനന്തവാടി സബ് കളക്ടർ ആയിരിക്കെയാണ് സ്വന്തം ജില്ലയിൽ തന്നെ വികസന കമ്മീഷണറായി ചുമതലയേറ്റെടുക്കുന്നത്.