veli
കൈയേറ്റക്കാർ സ്ഥാപിച്ച വേലി

പീരുമേട്: പരുന്തുംപാറയിലെ റവന്യൂ ഭൂമി കൈയേറി സ്ഥാപിച്ച വേലി പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പൊളിച്ചുനീക്കി. റവന്യൂ സ്ഥലം പട്ടയഭൂമിയുടെ മറവിൽ വേലി കെട്ടി തിരിക്കുകയായിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് പീരുമേട് പഞ്ചായത്ത് മെമ്പർമാരും കല്ലാർപ്രദേശത്തെ നാട്ടുകാരും ചേർന്ന് വേലി പൊളിച്ചു നീക്കി. പട്ടയഭൂമിയുടെ മറവിൽ റവന്യൂ ഭൂമി കൂടി വിൽപ്പന നടത്തുകയാണെന്ന് പറയപ്പെടുന്നു. പരുന്തുംപാറ വിനോദ സഞ്ചാരകേന്ദ്രത്തിൽ റവന്യൂ ഭൂമിക്കൊപ്പം സ്വകാര്യ വ്യക്തികൾക്കും സ്ഥലമുണ്ട്. പരുന്തുംപാറ വിനോദസഞ്ചാര മേഖലയായി വളർന്നതോടെ ഒരു സെന്റ് സ്ഥലത്തിന് ഇവിടെ രണ്ടു ലക്ഷം രൂപയായി മാറിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശം ഭൂമാഫിയകളുടെയും വിഹാരകേന്ദ്രമായി മാറി. ഇവർ തൊട്ടടുത്ത പട്ടയഭൂമിയുടെ സർവ്വേ നമ്പറിൽ സ്ഥലം കൈമാറ്റം ചെയ്യുന്നതായി അറിയുന്നു. സ്ഥലത്തിന്റെ സർവ്വേ നമ്പർ തരപ്പെടുത്തി റവന്യൂ ഭൂമി കൂടി ചേർത്ത് വിൽപ്പന നടത്തുകയാണ് രീതി. പരുന്തുംപാറയുടെ ഹൃദയഭാഗം തിരിച്ച് കൈയ്യേറിയതിനെതിരെ ജനകീയ രോഷമുയർന്നിരുന്നു. പഞ്ചായത്ത് ടൂറിസം രംഗത്ത് പുതിയ പ്രോജക്ട് നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കൈയേറ്റം. ഇതോടെ റവന്യൂഭൂമി അളന്നു തിരിച്ച് മാറ്റി ഇടണമെന്ന് ആവശ്യം ശക്തമായി.