roshy
കേരളാകോൺഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം നേതൃത്വ ക്യാമ്പിന് മുന്നോടിയായി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല പാർട്ടി പതാക ഉയർത്തുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പ്രസിഡന്റ്‌ ജോസ് പാലത്തിനാൽ എന്നിവർ സമീപം

 ഭൂപ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരം ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ


ചെറുതോണി: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹരിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും ബഫർസോൺ വനാതിർത്തിയിൽ നിന്ന് പൂജ്യം കിലോമീറ്റർ ആയി നിശ്ചയിച്ച് സുപ്രീംകോടതിയുടെ പുതുക്കിയ ഉത്തരവ് ഉണ്ടാകുന്നതിന് സർക്കാർ ഇടപെടണമെന്നും കേരള കോൺഗ്രസ് (എം)​ ഇടുക്കി നിയോജക മണ്ഡലം നേതൃത്വ ക്യാമ്പിലെ പ്രമേയത്തിൽ ആവശ്യം. ഭൂപ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ നടപടികൾക്കായി കൂടുതൽ സർവ്വേ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഈ വർഷം തന്നെ അർഹരായ മുഴുവൻ കർഷകർക്കും പട്ടയം നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം വിളിച്ചു ചേർത്തതായും മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പിൽ രാവിലെ 10ന് പാർട്ടി പതാക ഉയർത്തിയതിന് ശേഷം കെ.എം. മാണിയുടെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ക്യാമ്പ് ആരംഭിച്ചത്. പാർട്ടി ജില്ലാ പ്രസിഡന്റ്‌ ജോസ് പാലത്തിനാൽ സംഘടനാ ചർച്ചയ്ക്ക്‌ നേതൃത്വം നൽകി. ഓരോ പഞ്ചായത്തിനും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയതും രൂപം നൽകിയിട്ടുള്ളതുമായ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി അടുത്ത മൂന്ന് മാസം നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്ത് തലത്തിലും മണ്ഡലം കൺവെൻഷനുകൾ വിളിച്ചുചേർക്കുന്നതിന് തീരുമാനമെടുത്തു.