നെടുങ്കണ്ടം: നിർമ്മാണത്തിലിരുന്ന ജില്ലാ സ്റ്റാമ്പ് ഡിപ്പോ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് കെട്ടിടം അപകടാവസ്ഥയിലായി. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിലാണ് ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നത്. നെടുങ്കണ്ടം കിഴക്കേകവല സിവിൽ സ്റ്റേഷൻ റോഡിന് സമീപം നിർമ്മാണം പുരോഗമിയ്ക്കുന്ന ജില്ലാ സ്റ്റാമ്പ് ഡിപ്പോ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. വർഷങ്ങളായി ഉണ്ടായിരുന്ന കൽക്കെട്ട് നീക്കം ചെയ്യാതെ മണ്ണ് നിറച്ച് അശാസ്ത്രീയമായി നിർമ്മാണം നടത്തിയതാണ് സംരക്ഷണഭിത്തി തകരാൻ കാരണമായത്. വർഷങ്ങളായി ഇവിടെയുണ്ടായിരുന്ന കൽക്കെട്ടിന് സമീപം ബെൽറ്റ് വാർക്കാതെയാണ് പുതിയ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നത്. സ്റ്റേഡിയത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കൽക്കെട്ടിൽ നിക്ഷേപിച്ചിരുന്ന മണ്ണ് ഉറയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് കൽകെട്ടിനുള്ളിൽ വെള്ളം ഇറങ്ങി സംരക്ഷണ ഭിത്തി സ്റ്റേഡിയത്തിലേക്ക് പതിക്കുകയായിരുന്നു. ചുറ്റുമതിലിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. ബാക്കി ഭാഗവും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിൽ വിണ്ടുകീറിയാണ് നിലനിൽക്കുന്നത്. ഇപ്പോഴുണ്ടായ അപകടം പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷയെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. രണ്ടരക്കോടി രൂപ മുതൽ മുടക്കിലാണ് ട്രഷറി വകുപ്പിന് കീഴിലുള്ള ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഡിപ്പോ വർഷങ്ങളായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താത്കാലിക ഓഫീസ് മുറിയിലാണ് പ്രവർത്തിച്ചുവരുന്നത്.