മൂലമറ്റം: കനത്ത മഴയെ തുടർന്ന് അറക്കുളം മൂന്നുങ്കവയലിന് സമീപം വാളാട്ടു പാറയിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് റോഡിലടക്കം വെള്ളംകയറി ഗതാഗതം മുടങ്ങി. കാഞ്ഞാർ- മൂന്നുങ്കവയൽ- വാഗമൺ റോഡിലാണ് വെള്ളം കയറിയത്. സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറി കൃഷി നാശമുണ്ടായി. തോട് കരകവിഞ്ഞൊഴുകിയതോടെ വിനോദ സഞ്ചാര വാഹനങ്ങൾ ഇരുവശത്തുമായി കുരുക്കിൽപ്പെട്ടു. മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകി. തൊടുപുഴ- പുളിയൻമല റോഡിൽ ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറുകയും മരങ്ങൾ കടപ്പുഴകുകയും ചെയ്തു. വൈദ്യുതി, ടെലിഫോൺ സേവനങ്ങൾ തടസപ്പെട്ടു. നിരവധി പ്രദേശങ്ങളിൽ റോഡ് ഇടിഞ്ഞിട്ടുണ്ട്. മലങ്കര ജലാശയത്തിലേക്കുള്ള നീരൊഴുക്കും ക്രമതീതമായി. നിരവധി സ്ഥലങ്ങളിൽ മരം ഒടിഞ്ഞു വീണ് നാശനഷ്ടമുണ്ടായി. പല സ്ഥലങ്ങളിലും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മരങ്ങൾ വെട്ടിമാറ്റി. രാത്രിയും മഴ തുടരുകയാണ്.
മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
മൂലമറ്റം: പുത്തേട് വലിയതോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മൂലമറ്റത്തെ സമീപ പ്രദേശങ്ങളിൽ നിരവധിയിടങ്ങളിലാണ് മണ്ണിടിഞ്ഞത്. പല പോക്കറ്റ് റോഡുകളിലൂടെയുമുള്ള ഗതാഗതം സ്തംഭിച്ചു.