ഇടുക്കി: വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ കനത്ത ജാഗ്രത. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ലോ റേഞ്ചിലും ഹൈറേഞ്ചിലും ഉരുൾപൊട്ടലുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപക കൃഷി നാശമുണ്ടായി. ഗ്രാമീണ മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. രാത്രിയിലും കനത്ത മഴ തുടരുകയാണ്. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമുള്ളയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനും നിർദേശമുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും തീവ്രമഴക്കും സാദ്ധ്യതയുണ്ട്. 3, 4 തീയതികളിൽ അതിതീവ്രമഴ മിക്കയിടത്തും ലഭിക്കുമെന്നാണ് പ്രവചനം. ഇത് മൂലം പലയിടത്തും വ്യാപക നാശനഷ്ടങ്ങൾക്കും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 35 ശതമാനം മഴയുടെ കുറവുണ്ട്. എന്നാൽ ഇടുക്കിയടക്കമുള്ള അണക്കെട്ടുകളിലെ ജലശേഖരം 60 ശതമാനത്തിന് മുകളിലാണ്. ഇനിയും രണ്ട് മാസം കൂടി കാലവർഷത്തിന് അവശേഷിക്കെ കനത്തമഴയിൽ അണക്കെട്ടുകൾ കൂട്ടത്തോടെ തുറക്കേണ്ടി വരുമോയെന്നും ആശങ്കയുണ്ട്.