മറയൂർ: മേഖലയിൽ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ കർഷകരെയും ജനങ്ങളും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഓടിക്കുന്നതിനിടയിൽ യുവാവിനെ ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് തട്ടിവീഴ്ത്തി. കാന്തല്ലൂർ സ്വദേശി രാജനാണ് (38) സാരമായി പരിക്കേറ്റത്. ഇയാളെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉദുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ്, റേഞ്ച് ഓഫിസർ ടി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കർഷകരെയും ഉൾപ്പെടുത്തി രണ്ട് ടീമുകൾ രൂപീകരിച്ച് ഇന്നലെ രാവിലെ മുതൽ കാട്ടാനയെ ഓടിക്കാൻ ശ്രമം നടത്തിവരുകയായിരുന്നു. അടിവയൽ ഭാഗത്തുണ്ടായിരുന്ന മൂന്ന് കൊമ്പന്മാരെ പടക്കം പൊട്ടിച്ചും ഒച്ചവെച്ചും ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലിസ് നേതൃത്വം നിരീക്ഷണം ഏർപ്പെടുത്തി. സുരക്ഷ കണക്കിലെടുത്ത് കച്ചാരം വെള്ളച്ചാട്ടത്തിൽ എത്തിയ വിനോദസഞ്ചാരികളെ തിരിച്ചുവിട്ടു.