
കണ്ണപുരം : വികസനം കടന്നു വരാൻ മടിക്കുന്ന നാട്ടിലേക്ക് കല്യാണ ആലോചനകളുമായി എത്താൻ പോലും മടിച്ച അവസ്ഥയുണ്ടായിരുന്നു കാവുങ്കലിൽ. നല്ലൊരു വഴി പോലുമില്ലെങ്കിൽ പിന്നെങ്ങനെ അങ്ങോട്ടുപോകുമെന്നായിരുന്നു ഇക്കാര്യത്തിൽ പലരുടേയും നിലപാട്.
കയറ്റിയിൽ നിന്ന് കാവുങ്കലേക്കുള്ള യാത്രാദുരിതം പറഞ്ഞറിയിക്കേണ്ടതല്ല. മുക്കോലക്കണ്ടി പ്രവൃത്തി പൂർത്തിയാക്കി തുരുത്തിലേക്കുള്ള റോഡ് ടാറിംഗ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തുകാർ. എന്നാൽ രണ്ടു വർഷത്തിലധികമായി സ്ഥിതിക്ക് മാറ്റമില്ല. മുക്കോലക്കണ്ടിയോടനുബന്ധിച്ചുള്ള മരപ്പാലം പൊളിഞ്ഞ അവസ്ഥയിൽ നാട്ടുകാർ അനുഭവിച്ച പ്രയാസം മറക്കാവുന്നതല്ല. തുരുത്തിൽ ആരെങ്കിലും മരിച്ചാൽ കാൽ തെന്നിയും ചെളിയിൽ പൂണ്ടും കയറ്റീൽ ശ്മശാനത്തിലേക്കുള്ള യാത്ര ഞാണിൻമേൽ കളി പോലെയായിരുന്നു. കണ്ടിയുടെയും നടപാതയുടെയും പ്രവൃത്തി ഇനിയും പൂർത്തിയാകാത്തതിനാൽ ഇനി എത്ര കാലം ഈ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന നിരാശയിലാണ് നിവാസികൾ.
വിദ്യാഭ്യാസവും വിവാഹ ആലോചനകളുമെല്ലാം പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളായി തീർന്നപ്പോഴാണ് തുരുത്തിലെ കൊഴിഞ്ഞു പോക്ക് തുടങ്ങിയത്. പലതവണ നിവേദനം നൽകിയെങ്കിലും യാതൊരു ഫലവും കാണാത്തതിനാൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് കാവുങ്കൽ വികസന സമിതി. പട്ടുവം പഞ്ചായത്തിലെ മുള്ളൂൽ കാളാൻതോടിന് സമീപത്തുനിന്ന് കണ്ണപുരം പഞ്ചായത്തിലെ കാവുങ്കൽ തുരുത്തിലേക്ക് കുറുകെ 150 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചാൽ നൂറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന തുരുത്ത് നിവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. കാവുങ്കൽ വികസന സമിതിയുടെ നേതൃത്വത്തിൽ കേരള ഹൈക്കോടതിയിൽ പാലത്തിനു വേണ്ടി റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. റിട്ട് പെറ്റീഷനിൽ കാവുങ്കൽ നിവാസികളുടെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാൻ ഹൈക്കോടതി ഉത്തരവുമിട്ടു.
കാലങ്ങളായി ഞങ്ങൾ അനുഭവിച്ചു വരുന്ന ദുരിതത്തിന് പരിഹാരം ഉണ്ടാകണം. മഴക്കാലമായതിനാൽ തുടർന്ന്, തുരുത്തിലേക്കുള്ള യാത്ര ദുരിതപൂർണമാണ്. വയസ്സായവർ ഉൾപ്പെടെയുള്ള ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഒരു വണ്ടി പോലും കാവുങ്കൽ തുരുത്തിലേക്ക് എത്തുകയില്ല.തുരുത്തിലെ ജനങ്ങൾക്ക് ഉപകാരമാകുന്ന 150 മീറ്റർ നീളമുള്ള പാലം നിർമ്മിക്കാൻ അധികാരികൾ തയ്യാറാകണം - ഷാജി കാവുങ്കൽ(കാവുങ്കൽ വികസന സമിതി ചെയർമാൻ)
കയറ്റിയിൽ കയറ്റിയിടണം ചെറുവാഹനങ്ങളും
കാവുങ്കൽ നിവാസികളുടെ ദുരിതത്തിന് അറുതി വരുത്തുവാൻ അധികൃതർ മുൻകൈയ്യെടുക്കണമെന്നാണ് വികസനസമിതി അടക്കം ആവശ്യപ്പെടുന്നത്. ടാറിംഗോ കോൺക്രീറ്റോ ചെയ്യാത്ത നടപ്പാത ചെളിക്കുളമായ അവസ്ഥയിലാണിപ്പോൾ. കാൽനടയിലെ ബുദ്ധിമുട്ടിനു പുറമെ നിവാസികൾ ഉപയോഗിക്കുന്ന ചെറിയ വാഹനങ്ങളും ചെളിയിൽ പൂണ്ട് തെന്നി വീഴുന്നതിനാൽ വാഹനങ്ങൾ കയറ്റീയിലെ ഏതെങ്കിലും വീട്ടിൽ വച്ച് തുരുത്തിലേക്ക് നടക്കേണ്ട സ്ഥിതിയാണ്.
രാത്രി സമയത്താണെങ്കിൽ കാൽനടയാത്ര പോലും പ്രയാസകരമാണ്. നടപ്പാത ടാറിംഗോ കോൺക്രീറ്റോ നടത്തുന്നതിന് ഫണ്ട് വകയിരുത്തുവാൻ മാനദണ്ഡം അനുവദിക്കുന്നില്ലെന്ന സാങ്കേതിക തടസ്സങ്ങളാണ് പ്രാദേശിക ഭരണകൂടങ്ങൾ ഉന്നയിക്കുന്നത്. ഏതു രീതിയിലായാലും ഫണ്ട് അനുവദിച്ച് പാത ഉപയോഗയോഗ്യമാക്കിക്കൊണ്ട് പതിറ്റാണ്ടുകളായുള്ള ദുരിതയാത്രയ്ക്ക് എത്രയും വേഗം അറുതി വരുത്തണമെന്നു കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ആവശ്യപ്പെട്ടു.
( അവസാനിച്ചു)