മടിക്കൈ: മടിക്കൈക്ക് ബൈപ്പാസായി ഉപയോഗിക്കാവുന്ന തോട്ടിനാട്ടിനെയും കയ്യുള്ളകൊച്ചിയെയും ബന്ധിപ്പിക്കുന്ന പാലവും അപ്രോച്ച് റോഡും യഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോട്ടിനാട് തോടിന്റെ ഇരുകരകളിലും റോഡുണ്ടെങ്കിലും ജനങ്ങൾ ഇപ്പോഴും മുണ്ടോട്ട് വഴി ചുറ്റിക്കറങ്ങിയാണ് സഞ്ചരിക്കുന്നത്.
തോട്ടിനാട്ട് റോഡ് പാലം യാഥാർത്ഥ്യമായാൽ പാണത്തൂർ, കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കോട്ടപ്പാറ, മൂന്നാംമൈൽ എന്നിവിടങ്ങളിൽ നിന്ന് പറക്കളായി, വെള്ളൂട, സോളാർ പാർക്ക്, തോട്ടിനാട്ട്, കാഞ്ഞിരപ്പൊയിൽ വഴി ചായ്യോത്തേക്ക് എത്തിയാൽ ജില്ലയിലെ രണ്ട് പ്രധാന മലയോര പാതകളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഗതാഗത ഇടനാഴിയായി മാറും. ദൂരവും നന്നേ കുറയും.
പറക്കളായിയിലെ ആയുർവേദ കോളേജ്, സനാതന കോളേജ്, സോളാർപാർക്ക്, ഐ.എച്ച്.ആർ.ഡി കോളേജ് തുടങ്ങിയ ഒട്ടനേകം സ്ഥാപനങ്ങളെല്ലാം ഈ വഴിയിലാണ്. പൊങ്കാല നടക്കുന്ന വെള്ളൂടയിലെ ക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ ഇപ്പോൾ പരിമിതികളുണ്ട്. ഈ പാത വരുന്നതോടെ പഞ്ചായത്തിന്റെ കിഴക്കൻ മേഖല കൂടി വികസിക്കും.
നേരത്തെ പാലം നിർമ്മിക്കാൻ നബാർഡിൽ 5 കോടിയുടെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ നബാർഡിന് പദ്ധതി സമർപ്പിച്ചതല്ലാതെ തുടർനടപടി കൈക്കൊണ്ടിട്ടില്ല
തോട്ടിനാട്ടെ ഇപ്പോഴത്തെ നടപ്പാലം