photo
പുതിയങ്ങാടി മൊട്ടാമ്പ്രത്തെ കടവത്ത് തോടിൽ അടിഞ്ഞുകൂടിയ മാലിന്യം

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മുട്ടം, വെങ്ങര, പുതിയങ്ങാടി, മാടായി മേഖലയിലെ തോടുകളിൽ മാലിന്യം നിറഞ്ഞു പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ. മാലിന്യ നിർമ്മാർജ്ജനത്തിനായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതികൾ ഒന്നും തന്നെ നടപ്പിലായില്ല. അടച്ചുപൂട്ടിയ ചൈനാക്ലേ കമ്പനി പുറംതള്ളിയ മാലിന്യം മുട്ടം, വെങ്ങര പ്രദേശത്ത് കൂടി കടന്നു പോകുന്ന കാവിലെ വളപ്പ് തോട്ടിൽ നിറഞ്ഞു മാലിന്യകൂമ്പാരമായി കിടക്കുകയാണ്.

പുതിയങ്ങാടി മൊട്ടാമ്പ്രത്തെ കടവത്ത് തോട്, സുൽത്താൻ തോട്, മാടായിലെ കക്കിതോട് എന്നിവയിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്നു. കാവിലെവളപ്പ് തോട് മാലിന്യ നിർമാർജ്ജനത്തിന് 23 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയെങ്കിലും ശുചീകരണ പ്രവൃത്തികൾ ഒന്നും തന്നെ നടന്നില്ല. തോടുകളുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിയതായും ആക്ഷേപം ഉണ്ട്.

ചൈനക്ലേ കമ്പനിയിൽ നിന്നും പുറം തള്ളിയ മലിനജലത്തിലെ രാസപദാർത്ഥങ്ങളായ ഡിഗ്നേറ്റർ, സൾഫർ, മഗ്നീഷ്യം, ഉയർന്ന തോതിലുള്ള ഇരുമ്പ് സത്ത് എന്നിവ നിറഞ്ഞ മാലിന്യങ്ങൾ തോട്ടിൽ കൂമ്പാരമായി കിടക്കുന്നത് മൂലം പ്രദേശത്തെ കുടിവെള്ളത്തിൽ ഉണ്ടാവുന്ന ടി.ഡി.എസിന്റെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ 500 മില്ലി ഗ്രാം എന്ന നിലയിൽ നിന്നും 3000 മില്ലി ഗ്രാം വരെ ആയി ഉയർന്നു. ഇത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും കാരണമാകുമെന്ന ആശങ്കയുണ്ട്.