പിണറായി: അടിയന്തരഘട്ടങ്ങളിൽ , പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനത്തിനായി ഏറെയൊന്നും അലയേണ്ട. പിണറായി പഞ്ചായത്ത് പരിധിയിൽ ഇനി ഡോക്ടർമാരുടെ കൂട്ടായ്മ കണ്ണിമ ചിമ്മാതെയുണ്ട്. രാത്രികാലങ്ങളിൽ വീടുകളിൽ മരണം സംഭവിച്ചാൽ സ്ഥിരീകരണത്തിന് പോലും ഡോക്ടർമാർ തിരിഞ്ഞു നോക്കാതിരുന്ന സ്ഥിതിയിൽ നിന്ന് പിണറായി പഞ്ചായത്ത് ഒരു സംഘം ഡോക്ടർമാരുടെ കൂട്ടായ്മ രൂപീകരിച്ചത് ഇന്നലെ ഡോക്ടർമാരുടെ ദിനത്തിൽ തന്നെയാണ്.
ഞങ്ങളുടെ ഡോക്ടർമാർ ഞങ്ങൾക്കൊപ്പം എന്ന പേരിലാണ് പരിപാടി. ഇന്നലെ പിണറായി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പതിനഞ്ചോളം ഡോക്ടർമാരും പങ്കെടുത്തു. അലോപ്പതി മാത്രമല്ല, ആയുർവേദം, ഹോമിയോ എന്നീ മേഖലകളിലെ ഡോക്ടർമാരുമുണ്ടായിരുന്നു. പഞ്ചായത്തിലെ നാൽപതോളം വരുന്ന ഡോക്ടർമാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് സേവനം.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.അനിത അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ പവിത്രൻ, നിസാർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.പി.സജീവൻ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു.
ഡോക്ടർമാരെ കൂടുതൽ ജനകീയമാക്കുകയാണ് ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ ഡോക്ടർമാരുടെ സേവനം വിളിപ്പുറത്ത് ഉറപ്പുവരുത്താനും കൂടി ഈ സംവിധാനത്തിലൂടെ കഴിയും
കെ.കെ. രാജീവൻ, പ്രസിഡന്റ്, പിണറായി ഗ്രാമപഞ്ചായത്ത്