തലശ്ശേരി: വർഷ കാലത്ത് സ്ഥിരമായി അനുഭവപ്പെടുന്ന കടലേറ്റം തടയുന്നതിൽ അധികൃതർ കാട്ടുന്ന വീഴ്ച മൂലം ഇത്തവണയും തീരദേശവാസികൾ ദുരിതക്കയത്തിലായി. കാലവർഷം കനത്തതോടെ തലശ്ശേരി, ന്യൂമാഹി പ്രദേശങ്ങളിൽ കടൽക്ഷോഭം വീണ്ടും രൂക്ഷമായി. കടൽക്ഷോഭത്തിൽ മാക്കൂട്ടം ലിമിറ്റിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മാക്കൂട്ടം മുതൽ ലിമിറ്റ് വരെയുള്ള, ഭാഗത്താണ് കടലേറ്റം രൂക്ഷമായി അനുഭവപ്പെടുന്നത്.
ശക്തമായ കടലേറ്റത്തിൽ പ്രസ് വളപ്പിൽ കെ.വി. ബാവയുടെയും, പള്ളിപ്പറമ്പത്ത് ബീബാത്തുവിന്റെയും വീടുകൾ ഭാഗികമായി തകർന്നു. ഇതേ തുടർന്ന് തീരദേശത്തെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഭയത്തോടെയാണ് വീട്ടിനകത്ത് കഴിയുന്നത്. കടൽക്ഷോഭമുണ്ടായപ്പോഴൊക്കെയും അധികൃതർ സന്ദർശനം നടത്തുകയെന്നല്ലാതെ കടലേറ്റം തടയാൻ ശാശ്വതമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് താമസക്കാർ പറയുന്നു.
ശാസ്ത്രീയമായ കടൽഭിത്തി നിർമ്മിക്കണം
കടൽ ഭിത്തി അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചതിനാൽ അതിന്റെ ദുരന്ത ഫലമാണ് ഇപ്പോൾ തങ്ങൾ അനുഭവിക്കേണ്ടിവരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലവർഷം കനത്തത്തോടെ
സദാസമയവും കടൽവെള്ളം ഇരമ്പിയെത്തുന്നതിനാൽ ഇവിടെ പുലിമുട്ടുകൾ പണിതാൽ മാത്രമേ ശാശ്വതമായി കടലേറ്റം തടയാൻ സാധിക്കുകയുള്ളൂവെന്നാണ് ഇവരുടെ അഭിപ്രായം.