കണ്ണൂർ: എ.കെ. ആന്റണി മുഖ്യമന്ത്റിയായിരിക്കുമ്പോൾ തിരുവനന്തപുരത്ത് എ.കെ.ജിയുടെ പേരിൽ മ്യൂസിയം തുടങ്ങാൻ അനുമതി നൽകിയ സ്ഥലത്ത് ഗവേഷണത്തിനും പഠനത്തിനും പകരം ബോംബ് നിർമ്മാണവും കൈയും കാലും വെട്ടാനുള്ള പരിശീലനവുമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
സ്വർണ, ഡോളർ കള്ളക്കടത്ത് കേസുകൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക, വനഭൂമിയുമായി ബന്ധപ്പെട്ട ബഫർസോൺ വിഷയത്തിൽ പിണറായി സർക്കാറിന്റെ കള്ളക്കളി അവസാനിപ്പിക്കുക, രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകർത്ത മുഴുവൻ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ നിന്ന് കളവ് പറയുന്നത് പോലെ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിന്ന് കള്ളം പറഞ്ഞാൽ കുടുങ്ങുമെന്ന് പിണറായി വിജയൻ ഓർക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ. മോഹനൻ എന്നിവർ പ്രസംഗിച്ചു.