കോടതിയെ സമീപിച്ചത് സ്വകാര്യവ്യക്തി
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു പാലക്കുന്ന് ടൗണിൽ പുതുതായി നിർമ്മിക്കുന്ന പൊതുശൗചാലയ നിർമ്മാണം, ബഹുനില കെട്ടിടം പണിയുന്ന ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതിനെ തുടർന്ന് മുടങ്ങി.
ശൗചാലയം നിർമ്മിക്കാൻ പഞ്ചായത്ത് ഉദ്ദേശിച്ച സ്ഥലത്തിന്റെ പിൻഭാഗത്തെ പറമ്പിൽ പണിയുന്ന ബഹുനില കെട്ടിടത്തിന്റെ ഭംഗി ചോരുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഉടമ കോടതിയെ സമീപിച്ചത്. മാസങ്ങൾക്കു മുമ്പ് പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് 15 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കിയ പ്രവൃത്തിയാണ് അനിശ്ചിതത്തിലായത്.
പൊതു ശൗചാലയം നിർമ്മിക്കുന്നതിനായി കരാറുകാരൻ ചെങ്കല്ല് ഇറക്കുകയും കുഴിയെടുക്കുകയും ചെയ്തിരുന്നു. ഉദുമ പഞ്ചായത്തിന്റെ അപേക്ഷയെ തുടർന്ന് പാലക്കുന്ന് മാർക്കറ്റിന് എതിർവശം റോഡരുകിൽ പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുത്ത സ്ഥലത്താണ് ശൗചാലയം നിർമ്മിക്കുന്നത്. അതിനിടെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടുന്നതിനായി ഗ്രാമ പഞ്ചായത്ത് അധികൃതരും കോടതിയെ സമീപിച്ചിട്ടുണ്ട്. ബഹുനില കെട്ടിടം നിർമ്മാണത്തിന് യാതൊരു ദോഷവും ശൗചാലയം ഉണ്ടാക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. സ്വകാര്യ വ്യക്തിയുടെ നിർമ്മാണ സ്ഥലത്തേക്ക് പോകുന്നതിന് റോഡിൽ നിന്ന് വേറെ വഴിയുമുണ്ട്. എന്നിട്ടും കോടതിയെ സമീപിച്ച ഉടമയുടെ നടപടിയിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. കരാറുകാരൻ നൗഫൽ ശൗചാലയം നിർമ്മിക്കാൻ തുടങ്ങുമ്പോൾ പിറകിൽ കെട്ടിടം പണി തുടങ്ങിയിരുന്നില്ല. കോടതി സ്റ്റേ വാങ്ങിയ ശേഷമാണ് സ്വകാര്യ വ്യക്തി കെട്ടിടം പണി തുടങ്ങിയതെന്നും പറയുന്നു.
ഈ വർഷം ജനുവരി 26 ന് കേരള കൗമുദിയും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റും സംയുക്തമായി നടത്തിയ വികസന സെമിനാറിൽ പ്രതിനിധികളിൽ നിന്ന് ഉയർന്നുവന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു പാലക്കുന്ന് ടൗണിൽ പൊതു ശൗചാലയം നിർമ്മിക്കണമെന്ന വിഷയം. തുടർന്നാണ് പൊതു ശൗചാലയം നിർമ്മിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
എന്നുതീരും ഈ കഷ്ടപ്പാട്
പാലക്കുന്ന് ടൗണിൽ എത്തിച്ചേരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും പൊതു ശൗചാലയം ഇല്ലാത്തതിന്റെ പേരിൽ അനുഭവിക്കുന്ന കഷ്ടപ്പാട് ചെറുതല്ല. ഉചിതമായ സ്ഥലം നഗരത്തിൽ കിട്ടാത്തതിന്റെ പേരിൽ ഇതുവരെയും ശൗചാലയം നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല.
ജനങ്ങളുടെ പൊതുവായ ആവശ്യം എന്ന നിലയ്ക്കാണ് പഞ്ചായത്ത് നിർമ്മാണം ഏറ്റെടുത്തത്. സ്റ്റേ നീക്കിക്കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊതു ശൗചാലയ നിർമ്മാണവുമായി മുന്നോട്ടു പോകും.
കെ. വി ബാലകൃഷ്ണൻ (ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )