dheeraj

തളിപ്പറമ്പ് : ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് കാമ്പസിൽ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് എ.പി.ജെ. അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ധനസഹായം മന്ത്രി എം.വി. ഗോവിന്ദൻ തളിപ്പറമ്പിലെ വീട്ടിലെത്തി കൈമാറി. വിദ്യാർത്ഥികൾക്കായി സർവകലാശാല ഏർപ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ 'സുരക്ഷ' മുഖേനയുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് മന്ത്രിയിൽ നിന്ന് പിതാവ് ജി. രാജേന്ദ്രൻ, അമ്മ ടി.എൻ. പുഷ്‌കല, സഹോദരൻ ആർ. അദ്വൈത് എന്നിവർ ഏറ്റുവാങ്ങി. സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജി. സഞ്ജീവ്, പ്രൊ. വൈസ് ചാൻസലർ ഡോ. എസ്. അയ്യൂബ്, ഇടുക്കി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ എം.ജെ ജലജ, കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ വി.ഒ രജനി എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് ആദ്യമായി ഒരു സർവകലാശാല വിദ്യാർത്ഥികൾക്കായി രൂപീകരിച്ച ഇൻഷ്വറൻസ് പദ്ധതിയാണ് സുരക്ഷ. കൊവിഡ്, അപകടം എന്നിവയിൽ മരിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് സർവകലാശാല നേരത്തെ സഹായം നൽകിയിരുന്നു.