കൂത്തുപറമ്പ്: അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾ ന്യായവിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും റേഷൻകടയിൽ നിന്നും സമീപകാലങ്ങളിലായി ലഭിക്കുന്ന ഉത്പന്നങ്ങൾ സമ്പന്നർ ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ളതാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പി.ഡി.എസ് ഡിപ്പോ വലിയവെളിച്ചത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.കെ ശൈലജ എം.എൽ.എ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ, സിജ രാജീവൻ, സി. ചന്ദ്രൻ, എ.ടി അഷ്റഫ്, പി. മോഹനൻ, എം. പ്രവീൺ ദാസ്, കെ. അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

കൈതേരി പതിനൊന്നാം മൈലിൽ ആരംഭിക്കുന്ന മാവേലി സൂപ്പർസ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

500 ലോഡ് വരെ സംഭരണ ശേഷി വലിയ വെളിച്ചത്ത് ആരംഭിച്ച ഗോഡൗണിന് ഒരേ സമയം 400 മുതൽ 500 ലോഡ് വരെയാണ് സംഭരണ ശേഷി. ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ശാസ്ത്രീയമായ സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം പി.എം.ജി.കെ.വൈ, എഫ്.സി.കെ എന്നിവ പ്രകാരം ലഭിക്കുന്ന റേഷൻ സാധനങ്ങളായ പുഴുങ്ങലരി, സി.എം.ആർ, പച്ചരി, ഗോതമ്പ്, പഞ്ചസാര, ആട്ട എന്നിവയാണ് ഇവിടെ സംഭരിക്കുക. 28,​919 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഗോഡൗണിൽ നിന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ 251 റേഷൻ കടകളിലേക്കാണ് സാധനങ്ങൾ എത്തിക്കുക. ഇതിനായി 14 വണ്ടികളും ആറ് സപ്ലൈകോ ജീവനക്കാരും 24 കയറ്റിറക്ക തൊഴിലാളികളും 30 ലോറി തൊഴിലാളികളുമാണുള്ളത്.