പാലക്കുന്ന്: ഉദുമ ഗ്രാമ പഞ്ചായത്തിൽ റോഡ് സ്വീപ്പർ തസ്തികയിൽ രണ്ടുപേരെ നിയമിക്കാനുള്ള നീക്കത്തിന് പ്രതിപക്ഷം തടസം നിന്നതോടെ നഗരത്തിലെ മാലിന്യം നീക്കം ചെയ്യൽ പ്രതിസന്ധിയിലായി. കുടുംബശ്രീ ജില്ലാ മിഷനും സി.ഡി.എസും അംഗീകരിച്ചു നൽകിയ ഒമ്പത് അപേക്ഷകരിൽ നിന്ന് രണ്ടു പേരെ നിയമിക്കാനുള്ള പഞ്ചായത്തിന്റെ അജണ്ട അംഗീകരിക്കാൻ ഭരണസമിതി യോഗം ചർച്ചക്ക് എടുക്കുകയും വോട്ടിനിട്ടു തള്ളുകയുമായിരുന്നു. മുഴുവൻ വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസിനെയും അറിയിക്കാതെ സി.പിഎം അനുഭാവികളെ എടുക്കാൻ ശ്രമിച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സ്വന്തക്കാരെ നിയമിക്കാനാണ് ഭരണപക്ഷം ഇത് ചെയ്തതെന്നാണ് ബി.ജെ.പിയിലെ രണ്ട് പേർ അടക്കം 11 അംഗ ബലമുള്ള പ്രതിപക്ഷത്തിന്റെ പരാതി. യു.ഡി.എഫും ബി.ജെ.പിയും തങ്ങളുടെ അംഗങ്ങളെ നിയമിക്കണമെന്നു വാശി പിടിച്ചതോടെ യോഗത്തിൽ തർക്കമുണ്ടായി. ലഭ്യമായ ഒമ്പത് അപേക്ഷകളിൽ ജനാധിപത്യ രീതിയിലല്ല സി.ഡി.എസ്. യോഗം രണ്ടു പേരെ തീരുമാനിച്ചത്. മെമ്പർമാരായ എക്സ് ഒഫീഷ്യോ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അജണ്ട പോലും വെക്കാത്ത ഒരു യോഗത്തിൽ പാർട്ടി തീരുമാനിച്ച രണ്ടു പേരെയാണ്‌ തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. 21വാർഡുകളിലെയും എ.ഡി.എസ്സിനെ അറിയിച്ചുകൊണ്ട് ജനാധിപത്യ രീതിയിൽ സ്വീപ്പർ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. സ്വീപ്പർ തസ്തികയിലേക്ക് രണ്ടു പേരെ നിയമിക്കണമെന്ന് ഉദുമ പഞ്ചായത്ത്‌ ജില്ലാ മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഉദുമ സി.ഡി.എസിനോട് ലിസ്റ്റ് തയ്യാറാക്കാൻ ജില്ലാ മിഷൻ നിർദ്ദേശിക്കുകയായിരുന്നു. റോഡ് സ്വീപ്പർ തസ്തികയിൽ നിയമനം നടത്തുന്നത് കുടുംബശ്രീ മുഖേന ആയിരിക്കണമെന്ന സർക്കാർ ഉത്തരവ് ഉള്ളതിനാലാണ് പഞ്ചായത്ത്‌ ഇങ്ങനെ ചെയ്തത്. എന്നാൽ ഭരണസമിതിയിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഒന്നും പാസാക്കി എടുക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് ഉദുമയിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എന്നും തടസം നിൽക്കുകയാണ്. തീരുമാനം തള്ളിയതിനാൽ നിയമന കാര്യത്തിൽ അടുത്ത നടപടി എന്താണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നില്ല.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ