കണ്ണൂർ: മജിസ്ട്രേറ്റ് കോടതി സമുച്ചയവളപ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരും പ്രദേശവാസികളും പരിഭ്രാന്തരായി.

ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയാണ് സംഭവം. കോടതിയിലെ ജീവനക്കാരി പരിസരം വൃത്തിയാക്കിയ ശേഷം കൂടികിടന്ന മാലിന്യം കത്തിച്ചപ്പോഴായിരുന്നു സംഭവം. കോടതിക്ക് സമീപത്തുള്ള ടോയ്ലറ്റിന്റെ അടുത്തുള്ള മാലിന്യമാണ് ജീവനക്കാരി കത്തിച്ചത്. ജീവനക്കാരി മാലിന്യത്തിന് തീ കൊടുത്ത് മാറിയ സമയത്താണ് മാലിന്യത്തിനുള്ളിൽ നിന്ന് ഉഗ്രശബ്ദത്തിൽ എന്തോ പൊട്ടിത്തെറിച്ചത്. ഈ സമയം കോടതി നടക്കുകയായിരുന്നു. ശബ്ദം കേട്ട് ജീവനക്കാരും കോടതിയിലെത്തിയവരും പരിഭ്രാന്തരായി. ഉഗ്രശബ്ദത്തോടെ പൊട്ടിയത് ബോംബാണെന്നാണ് ജീവനക്കാരും ശബ്ദം കേട്ട് എത്തിയവരും വിചാരിച്ചിരുന്നത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉപയോഗശൂന്യമായ ട്യൂബാണ് പൊട്ടിയതെന്ന് മനസിലായത്. ബോംബ് പൊട്ടിയതിന്റെ അവശിഷ്ടങ്ങളോ മറ്റോ ഇവിടെ ഇല്ലെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു.