ചീമേനി: ലാബ് ടെക്നീഷ്യൻ നിയമനത്തിൽ കടുത്ത അവഗണന നേരിടുകയാണ് കാസർകോട് ജില്ലയിലെ ഉദ്യോഗാർത്ഥികളെന്ന് ആക്ഷേപം. കൊവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ദുരവസ്ഥ.

വേണ്ടത്ര തസ്തികയോ, ജീവനക്കാരോ ഇല്ലാത്തത് രോഗ നിർണ്ണയത്തിന്ന് വൻ വെല്ലുവിളി നേരിടുകയാണ്. ആവശ്യമായ ടെക്നീഷ്യൻമാർ ഇല്ലാത്തതിനാൽ ജില്ലയിലെ സർക്കാർ ലാബുകളുടെ പ്രവർത്തന സമയം വരെ വെട്ടിക്കുറക്കേണ്ട അവസ്ഥയാണ്.162 സ്ഥിരം ജീവനക്കാർ വേണ്ട കാസർകോട് ജില്ലയിൽ നിലവിൽ 54 ലാബ് ടെക്നീഷ്യൻമാർ മാത്രമേയുള്ളൂ. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടും 22 ഓളം ആശുപത്രികളിൽ തസ്തിക സൃഷ്ടിക്കുകയോ, നിയമനം നടത്തുകയോ ചെയ്തിട്ടില്ല. ഇരുപതോളം സ്ഥിരനിയമനം വേണ്ട ജനറൽ ആശുപത്രിയിൽ എട്ടെണ്ണം മാത്രമേ ഇപ്പോൾ ഉള്ളൂ. ഇതേ അവസ്ഥ തന്നെയാണ് ജില്ലാ ആശുപത്രിയിലുമുള്ളത്.

ആർദ്രം ഒന്നാം ഘട്ടത്തിൽ നിയമനം നടത്തിയിരുന്നുവെങ്കിലും, ആർദ്രം രണ്ട്, മൂന്ന് ഘട്ടത്തിൽ ഉൾപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തസ്തിക അനുവദിച്ചു നിയമിച്ചാൽ പ്രതിസന്ധി ഒഴിവായി കിട്ടും. ഒട്ടനവധി പേരെ ആശുപത്രി വികസന സമിതികളും, എൻ.എച്ച്. എം, എംപ്ലോയ്മെൻറ് വഴിയും തുച്ഛമായ വേതനത്തിൽ നിയമിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് കാസർകോട് ജില്ലയ്ക്ക് പുതുതായി അനുവദിച്ച പബ്ലിക് ഹെൽത്ത് ലാബും, അമ്മയുംകുഞ്ഞും ആശുപത്രിയും പ്രവർത്തന സജ്ജമായിരിക്കുകയാണെങ്കിലും അവിടെയും ലാബ് ടെക്നീഷ്യൻ തസ്തിക അനുവദിച്ചിട്ടില്ലെന്നാണ് പരാതി.