ഇരിക്കൂർ: ഇരിക്കൂർ ടൗൺ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു. ഇരിട്ടി -തളിപ്പറമ്പ് അന്തർ സംസ്ഥാനപാതയിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നാണ് ഇരിക്കൂർ. ചെങ്കൽലോറികൾ ഉൾപ്പെടെ മരണപ്പാച്ചിൽ നടത്തുന്ന വളരെ തിരക്കുപിടിച്ചതും അപകടം പിടിച്ചതുമായ ടൗണിലെ റോഡുകളിൽ സീബ്രാ ലൈൻ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് റോഡ് മുറിച്ചുകടക്കാൻ സാഹസപ്പേടേണ്ട അവസ്ഥയാണ്.
അന്തർസംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വീതി കൂട്ടിയപ്പോൾ ഇരിക്കൂർ ടൗണിന്റെ ഹൃദയഭാഗത്ത് നിലവിലുണ്ടായിരുന്ന സീബ്രാലൈൻ പുനഃസ്ഥാപിക്കാത്തതാണ് കാൽനടയാത്രക്കാർക്ക് വിനയായത്. ടൗണിലെ ചവിടികുന്ന് റോഡിന് സമാന്തരമായി സീബ്രാലൈൻ വരച്ച് പ്രശ്ന പരിഹാരം ഉടൻ കണ്ടില്ലെങ്കിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന ഈ റോഡ് വലിയ അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെങ്കൽപ്പണകൾ ഏറെയുള്ള ഇരിക്കൂർ, പടിയൂർ മേഖലയിൽ നിന്നും ചെങ്കൽ കയറ്റി പോകുന്ന ലോറികൾ അപകടമായ വേഗതയിലാണ്.
കുട്ടികളുടെ ജീവന് വില നല്കണം
മാനിക്കുന്ന് ക്ഷേത്രം റോഡ്, കുയിലൂർ ഭാഗങ്ങളിലെ കൊടുംവളവുകൾ ഏറെ അപകടഭീഷണിയുയർത്തുന്നതാണ്. സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇരിക്കൂറിലുണ്ട്. ഇവിടങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഇരിക്കൂർ ടൗണിൽ വിവിധ സ്ഥലങ്ങളിൽ നിന്നും വന്നുപോകുന്നത്. കുരുന്നുകളുടെ കൂട്ടക്കൊലയ്ക്കിടയാക്കിയ പെരുമണ്ണ് ഇരിക്കൂറിന്റെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവായി അവശേഷിക്കവെ വീണ്ടുമൊരു ദുരന്തത്തിന് കാത്തുനിൽക്കുകയാണോ അധികൃതരെന്നാണ് ജനങ്ങളുടെ ചോദ്യം.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി മാഞ്ഞുപോയ സീബ്രാലൈനുകൾ ഉടൻ പുനഃസ്ഥാപിക്കാനും തിരക്കുള്ള സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ ഡ്യൂട്ടിക്കായി നിയമിക്കാനും അധികൃതർ തയ്യാറകണം.
മുഹ്സിൻ ഇരിക്കൂർ, പ്രദേശവാസി