നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഓവർബ്രിഡ്ജ് ഉദ്ഘാടനത്തിന് ഒരുങ്ങിവരികയാണ്. അതിന് മുമ്പ് തന്നെ റോഡിന്റെ പാർശ്വഭിത്തി ഇളകാൻ തുടങ്ങി. റെയിൽവേ പാളത്തിന് കിഴക്കുവശത്തെ വയലിനോട് ചേർന്ന ഭാഗത്താണിത്. ഇവിടെ പാലത്തിനടിയിലൂടെയുള്ള ഓവുചാൽ താഴ്ന്ന് കിടക്കുന്നതായും നാട്ടുകാർ പറയുന്നു. നിലവിൽ ഈ ഭാഗത്തെ പാലത്തിനിരുവശത്തുമുള്ള സമീപനറോഡിലും വിള്ളൽ കാണുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
പാലത്തിന് എതിർവശത്തേക്ക് വെള്ളം ഒഴുകുന്ന രീതിയിൽ നിർമ്മിച്ച റോഡ് ഇപ്പോൾ അടിഭാഗം അമർന്ന് നേരെ എതിർവശത്ത് വെള്ളം കെട്ടിക്കിടക്കുന്ന രീതിയിലേക്കായി. ഇവിടെനിന്ന് കൃത്യമായി വെള്ളം ഒഴുകിപ്പോകാത്തതും യാത്ര ദുസ്സഹമാക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ പോകുന്ന ഈ വഴിയിൽ കോൺക്രീറ്റ് പാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. അവ ഇളകിവീണാൽ വലിയ അപകടം സംഭവിക്കാനും ഇടയുണ്ട്. മറ്റു ചിലയിടങ്ങളിൽ ഉയരത്തിലുള്ള പാളികൾക്ക് വിള്ളലും സംഭവിച്ചിട്ടുണ്ട്.
പാലത്തിന് മുകളിൽ റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ അതിൽ വിള്ളൽ കണ്ടതായും നാട്ടുകാർ പറയുന്നു. അടിഭാഗത്ത് കെട്ടിക്കിടക്കുന്ന വെള്ളം കരാറുകാർ പൈപ്പിട്ട് കളഞ്ഞ് താത്കാലിക പരിഹാരം മാത്രമാണ് ഉണ്ടാക്കിയതത്രേ. ദേശീയപാതാ അതോറിറ്റിക്ക് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. നിലവിൽ മറ്റു തടസ്സങ്ങളെല്ലാം നീങ്ങി റെയിലിന് കുറുകെയുള്ള കോമ്പോസിറ്റ് ഗൈഡർ സ്ഥാപിക്കലാണ് ബാക്കിയുള്ളത്. ആഴ്ചകൾക്ക് മുൻപാണ് റെയിൽവേ പഴയ വൈദ്യുതി തൂണുകൾ മാറ്റി പാലം പണിക്ക് വേണ്ട സൗകര്യം ചെയ്തുകൊടുത്തത്. എന്നാൽ, കോമ്പോസിറ്റ് ഗൈഡർ സ്ഥാപിക്കാനുള്ള റെയിൽവേയുടെ അനുമതിക്ക് കാത്തിരിക്കുകയാണെന്ന് കരാറുകാർ പറയുന്നു. മഴ ശക്തമായാൽ ക്രെയിൻ ഉപയോഗിച്ചുള്ള ഈ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടാനും സാദ്ധ്യതയുണ്ട്.
പ്രവൃത്തിക്കിടെ റെയിൽവേ പാലം വലിച്ചു
2018 ലാണ് പള്ളിക്കര റെയിൽവേ ഓവർബ്രിഡ്ജ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞിരുന്നത്. 2 വർഷത്തിനുള്ളിൽ പ്രവൃത്തി തീർക്കുമെന്ന് കരാറുകാരൻ പറഞ്ഞിരുന്നു. എറണാകുളം ആസ്ഥാനമായ ഇ കെ കെ ഇൻഫ്രാസ്ട്രെക്ച്ചർ കമ്പനിയാണ് കരാറേറ്റെടുത്തത്. പ്രവൃത്തി 90 ശതമാനം കഴിഞ്ഞെങ്കിലും റെയിൽവേ അധികൃതരുടെ അനാസ്ഥ കൊണ്ടാണ് ഓവർബ്രിഡ്ജ് പണി നീണ്ടുപോകുന്നത്. ദേശീയപാതയിൽ കന്യാകുമാരിക്കും മുംബയ്ക്കുമിടയിൽ പള്ളിക്കര മാത്രമാണ് ഇനി റെയിൽവേ ഗേറ്റുള്ളത്. ഇവിടെയാണെങ്കിൽ 24 മണിക്കൂറിൽ 70 പ്രാവശ്യം റെയിൽവേ ഗേറ്റ് അടച്ചിടുന്നുണ്ട്.