കണ്ണൂർ: ഇതുവരെ കൊച്ചി കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചിയിലെ പൊലീസ് ഗതാഗത ലംഘനത്തിന്റെ പിഴയീടാക്കാനുള്ള നോട്ടീസ് അയച്ചു. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെ.എൽ 59 ഡി 7941 ഓട്ടോറിക്ഷയ്ക്കാണ് ഇടപ്പള്ളി പൊലീസ് പിഴയീടാക്കിക്കൊണ്ടുള്ള നോട്ടീസ് അയച്ചത്. എറണാകുളം വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് ഇടപ്പള്ളി ട്രാഫിക് പൊലീസ് നടപടി.
പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോ. ഇയാളുടെ സഹോദരൻ പി. ശ്രീജേഷാണ് ഓട്ടോ ഓടിക്കുന്നത്. മധുസൂദനന്റെ പേരിലാണ് വെള്ളിയാഴ്ച സമൻസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 29ന് വഴക്കാലയിൽ വാഹനം പാർക്ക് ചെയ്തതായാണ് ഇടപ്പള്ളി പൊലീസ് അയച്ച കത്തിലുള്ളത്. എന്നാൽ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് പറയുന്നു. വെള്ളിയാഴ്ചയാണ് കത്ത് ലഭിക്കുന്നത്. മൂന്നുദിവസത്തിനകം പിഴ ഈടാക്കാനായിരുന്നു കത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ശ്രീജേഷ് അറിയിച്ചു.