പഴയങ്ങാടി: കടലിൽ മഴ മൂലം വേലിയേറ്റം ശക്തമായതോടെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി നീരൊഴുക്കുംചാൽ, ബീച്ച് റോഡ്, മാട്ടൂൽ പഞ്ചായത്തിലെ കക്കാടൻചാൽ ഭാഗങ്ങളിൽ കടലാക്രമണം ശക്തമാകുന്നു. പുതിയങ്ങാടി ബീച്ച് റോഡിൽ സംരക്ഷണ ഭിത്തി വരെ കടൽ എത്തിയിട്ടുണ്ട്. സാധാരണ നിലയിൽ നിന്നും മാറി കടലിൽ വേലിയേറ്റം കൂടുതൽ ശക്തമായാൽ കടലാക്രമണവും രൂക്ഷമാകും. അപകടം ഉണ്ടാവാൻ ഏറേ സാദ്ധ്യതയുള്ള തീരദേശ മേഖലയാണിത്. കരിങ്കൽ ഭിത്തികൾ ചിലയിടങ്ങളിൽ തകർന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ്.
ഇവിടെ 2800 മീറ്റർ കടൽഭിത്തി നിർമ്മിക്കുന്നുണ്ടങ്കിലും പ്രവൃത്തി പൂർത്തിയായിട്ടില്ല. സരോജിനി, സൈനബ എന്നിവരുടെ വീടുകൾ അപകടഭീഷണിയിൽ ആണ്. ഇവരുടെ വീടുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി പോലുമില്ല.
സുനാമി ബാധിതമായ മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ ഈ പ്രദേശത്ത് സംരക്ഷണഭിത്തികൾ പുനർ നിർമ്മിച്ചത് ചെറിയ ആശ്വാസമായെങ്കിലും ഇപ്പോഴത്തെ കടലാക്രമണത്തിന് കാരണമായ ന്യൂനമർദ്ദം മൂലം ജലപ്രവാഹങ്ങളുടെ തീവ്രത വർദ്ധിക്കുന്നത് കാരണം ഉയർന്ന തിരമാലകൾ രൂപപ്പെടുന്നു. നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ പലതവണ കടലാക്രമണം ഉണ്ടായിട്ടുണ്ട്. മാട്ടൂൽ, മാടായി പഞ്ചായത്തുകളും ജില്ല ഭരണകൂടവും ഇടപെട്ട് ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാണ് ആവശ്യം.