news
കാനായി ശില്പം സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ചിൽഡ്രൻസ് പാർക്കിലെ കാനായിയുടെ ശില്പം -റിലാക്‌സേഷൻ, നവീകരണത്തിന്റെ ഭാഗമായി കേടുവരുത്തിയ സംഭവത്തിൽ കലാകാരന്മാരുടെ പ്രതിഷേധം ഫലംകാണുന്നു. റോപ്‌വേ നിർമ്മിക്കുന്ന സ്ഥലത്തുനിന്നും കാനായി ശില്പം മാറ്റി ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ഡി.ടി.പി.സി അണിയറനീക്കം നടത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള അഭിപ്രായ സമന്വയത്തിന് ശേഷം മാത്രമായിരിക്കും നടപടി.
കഴിഞ്ഞദിവസം ലളിതകലാ അക്കാഡമി ഭാരവാഹികൾ സംഭവസ്ഥലം സന്ദർശിച്ചതിനു ശേഷം ഡി.ടി.പി.സിക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഈ വിഷയത്തിൽ മന്ത്രിതല ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് സൂചന. എന്നാൽ പയ്യാമ്പലം ചിൽഡ്രൻസ് പാർക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ളതാണ്. സാംസ്‌കാരിക വകുപ്പുമായി യോജിച്ചാണ് ഇവിടെ കാനായിയുടെ ശില്പങ്ങളായ അമ്മയും കുഞ്ഞും റിലാക്‌സേഷനും സ്ഥാപിച്ചത്.
കൊവിഡ് കാലത്തിനുശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത പയ്യാമ്പലം പാർക്കിൽ നവീകരണത്തിന്റെ ഭാഗമായാണ് ഡി.ടി.പി.സി റോപ്‌വേ നിർമിക്കുന്നത്. എന്നാലിത് ലോകപ്രശസ്ത ശില്പിയായ കാനായിയുടെ വിശ്രുത ശില്പത്തെ അവഗണിച്ചുകൊണ്ടായതാണ് വിവാദമായത്. നേരത്തെ കാനായിയുടെ മൺശില്പമായ അമ്മയും കുഞ്ഞും ഡി.ടി.പി.സിയുടെ കെടുകാര്യസ്ഥതയിൽ നശിച്ചിരുന്നു. ഇതിനു ശേഷമാണ് വികസനത്തിന്റെ പേരിൽ റിലാക്‌സേഷനു മേൽ കൈവച്ചത്. കാനായി പ്രതിമയ്ക്ക് മേൽ മെറ്റലും മറ്റും ഇറക്കിയതിനു ശേഷമായിരുന്നു ഇവിടെ ടവർ നിർമാണം തുടങ്ങിയത്. ശില്പത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ലളിതകലാ അക്കാഡമി ചെയർമാൻ മുരളീ ചീയോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

അനുരഞ്ജനവുമായി ഡി.ടി.പി.സി
അതിനിടെ അനുരഞ്ജന ശ്രമവുമായി ഡി.ടി.പി.സി അധികൃതർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതുപ്രകാരം കഴിഞ്ഞദിവസം ഇവർ കാനായിയെ കാഞ്ഞങ്ങാട്ടെ സ്വവസതിയിലെത്തിയപ്പോൾ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ കാനായിയിൽ നിന്നും ശില്പം സംരക്ഷിക്കേണ്ട നിർദ്ദേശങ്ങൾ ലഭിച്ചതായാണ് സൂചന. ഈ മാസം ആറിന് കാനായി പയ്യാമ്പലത്തെ പാർക്ക് സന്ദർശിച്ച് തന്റെ ശില്പങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തും. ഇതിനു ശേഷമായിരിക്കും ശില്പങ്ങൾ അവിടെനിന്ന് മാറ്റണോയെന്ന കാര്യം തീരുമാനിക്കുക.


വികസനമെന്ന പേര് പറഞ്ഞ് ലോകപ്രശസ്തനായ കാനായിയുടെ ശില്പം അവിടെ നിന്നും മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. തികച്ചും അനുയോജ്യമല്ലാത്ത സ്ഥലത്താണ് റോപ് വേ ടവർ നിർമ്മിക്കുന്നത്. ശില്പമല്ല ടവറാണ് മാറ്റേണ്ടത്
എബി എൻ. ജോസഫ് (ചിത്രകാരൻ)