photo-1-

കണ്ണൂർ:തലമുറകൾക്ക് ഒരു നൂറ്റാണ്ടിലധികമായി അക്ഷരം പകർന്ന് നൽകുന്ന ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്‌കൂളിനായി നാട് ഒന്നിക്കുന്നു. ചിറക്കൽ സഹകരണബാങ്ക് മുൻകൈയെടുത്ത് നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ തുക സമാഹരിച്ചാണ് വിദ്യാലയം നവീകരിക്കാൻ ഒരുങ്ങുന്നത്. ചിറക്കൽ രാജാസ് സ്‌കൂളിനെ കാലത്തിനൊത്ത മാ​റ്റത്തിലേക്ക് ഉയർത്താനാണ് ശ്രമം.

1916ൽ ചിറക്കൽ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമ വർമ്മ വലിയ രാജയാണ് സ്‌കൂൾ സ്ഥാപിച്ചത്. 106 വർഷത്തെ വിദ്യാലയ ചരിത്രത്തിൽ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ ഒട്ടേറെ മഹാരഥന്മാരെ സംഭാവന ചെയ്ത വിദ്യാലയമാണിത്. ചിറക്കൽ ടി.ബാലകൃഷ്ണൻ നായർ, ഡോ.സുകുമാർ അഴീക്കോട്, ടി .പദ്മനാഭൻ, പി .പി. ലക്ഷ്മണൻ, ക്യാപ്റ്റൻ സി പി.കൃഷ്ണൻ നായർ, വി .എ. കേശവൻ, എന്നിവരൊക്കെ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

2010ലാണ് സ്‌കൂളിന് ഹയർസെക്കൻഡറി അനുവദിച്ചത്. ചിറക്കൽ രാജവംശത്തിലെ മാനേജ്‌മെന്റി ന് കീഴിലായിരുന്ന സ്‌കൂൾ 2016 ൽ ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഏ​റ്റെടുക്കുകയായിരുന്നു. സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട് ചിറക്കലിനെ സമ്പൂർണ്ണ നിക്ഷേപസൗഹൃദ പഞ്ചായത്ത് ആക്കാനുള്ള വിപുലമായ കർമപരിപാടിക്കാണ് ബാങ്ക് രൂപം കൊടുക്കുന്നത്.

നിക്ഷേപം സ്വീകരിക്കുന്നു
പഞ്ചായത്തുകളിലെ മുഴുവൻ ആളുകൾക്കും ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം സ്വീകരിക്കും. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കൽ രാജാസ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയർ സെക്കന്ററി സ്‌കൂൾ, രാജാസ് യു.പി സ്‌കൂൾ എന്നിവയുടെ നവീകരണം നടക്കുക. ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാ​റ്റാനും ലക്ഷ്യമുണ്ട്.