കാഞ്ഞങ്ങാട്: കോഴിമുട്ടയുടെ ഡിമാൻഡ് വർദ്ധിച്ചതോടെ വിപണിയിൽ നാടൻ വ്യാജമുട്ടകൾ നിറയുന്നു. തമിഴ്നാട് നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുട്ട എത്തുന്നത്.

വെള്ളനിറമുള്ള ലഗോൺ കോഴിമുട്ടയ്ക്ക് ചില്ലറ വില്പന വില 7.50 രൂപയാണ്. എന്നാൽ തവിട്ട് നിറമുള്ള നാടൻ കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടുതലാണ്. മുട്ടയുടെ ലഭ്യത കുറവായതിനാൽ 10 രൂപയോളം നൽകണം. എന്നാൽ നാടൻ കോഴിമുട്ടയുടെ നിറത്തിലും വലിപ്പത്തിലുമുള്ള വ്യാജമുട്ടകളാണ് വിപണിയിൽ കൂടുതലും. ഹോർമോണും മറ്റും കുത്തിവച്ച്‌ വളർത്തുന്ന കോഴികളിൽ നിന്നാണ് ഇത്തരം മുട്ടകൾ ശേഖരിക്കുന്നത്.

നാടൻ കോഴിമുട്ട ലഭിക്കുന്നതിനെക്കാൾ വിലകുറച്ച്‌ ലഭിക്കുകയും നാടന്റെ അതേ വിലയ്ക്ക് വിൽക്കുകയും ചെയ്യാമെന്നതിനാൽ ചെറുകിട വ്യാപാരികളടക്കം വ്യാജമുട്ട വില്പനയ്ക്കാണ് താല്പര്യം കാട്ടുന്നത്. ഒരു മുട്ടയ്ക്ക് രണ്ടര രൂപയിലധികമാണ് ലാഭം.
കയറ്റുമതി ചെയ്യുന്ന മുട്ടകൾക്ക് നിശ്ചിത തൂക്കം വേണ്ടതിനാൽ തരംതിരിച്ച്‌ മാറ്റുന്ന മുട്ടകളാണ് കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത്. നാടൻ മുട്ടയ്ക്ക് ശരാശരി 45 ഗ്രാമാണ് തൂക്കം. തൂക്കം കുറവുള്ള മുട്ടകളിൽ രാസവസ്തുക്കൾ, ചായപ്പൊടിയുടെ കറ എന്നിവയുപയോഗിച്ച്‌ നിറം നൽകും. തവിട്ട് നിറം ലഭിക്കാൻ പോർഫിറിന് എന്ന പിഗ്മെന്റും നിക്ഷേപിക്കാറുണ്ട്.

നാടൻ കോഴിവളർത്തൽ

പ്രതിസന്ധിയിൽ

വ്യാജമുട്ടകൾ വിപണി നിറഞ്ഞതോടെ നാടൻ കോഴിവളർത്തൽ കർഷകർ പ്രതിസന്ധിയിലായി. ഇതിനിടയിലാണ് കോഴിത്തീ​റ്റ വില വർദ്ധനവും. 50 കിലോ കോഴിത്തീറ്റയ്ക്ക് 1430 മുതൽ 1560 രൂപ വരെയാണ് വില. ഇതോടെ പല കർഷകരും കോഴി വളർത്തലിൽ നിന്ന് പിൻവാങ്ങുകയാണ്.