നീലേശ്വരം: കാലവർഷം ശക്തിപ്രാപിച്ചതോടെ നഗര പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പൂവാലം കൈ ബസ് കാത്തിരിപ്പ് കേന്ദ്രം, പേരോൽ റെയിൽവെ സ്റ്റേഷൻ വളവ്, കോൺവെന്റ് വളവ്, കൊട്ടുമ്പുറം, ബസ് സ്റ്റാന്റ് പരിസരം, തെരു റോഡ് ജംഗ്ഷൻ, മാർക്കറ്റ് റോഡ് ചന്ത, നേതാജി വായനശാല പരിസരം എന്നിവിടങ്ങളിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. ഈ ഭാഗങ്ങളിലൊക്കെ ഓവുചാൽ ഇല്ലാത്തതിനാലാണ് വെള്ളം കെട്ടി നിൽക്കുന്നത്. രാജാ റോഡിൽ കനറാ ബാങ്കിന് മുൻവശം റോഡിൽ വെള്ളം കെട്ടുണ്ട്. ഇതുമൂലം കാൽനട യാത്രക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
നഗരസഭ അധികൃതർ മഴക്കാലം വരുന്നതിന് മുമ്പേ നിലവിലുള്ള ഓവുചാൽ വൃത്തിയാക്കിയിരുന്നെങ്കിലും വെള്ളംകെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകി പോകാൻ ഓവുചാൽ കീറാത്തതാണ് പ്രശ്നമായത്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡിലുള്ള കുഴി കാണാത്തത് ഇരുചക്ര മുച്ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. രാജാ റോഡും, ഇടത്തോട് റോഡും വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് കടലാസിലൊതുങ്ങി കിടക്കുകയാണ്. മെക്കാഡം ടാറിംഗ് ചെയ്യുമെന്നതിന്റെ പേരിൽ റോഡ് അറ്റകുറ്റപ്പണിയും മുടങ്ങി.