കണ്ണൂർ: ബാങ്ക് ഇടപാടുകൾ പൂർണമായി ഡിജിറ്റലാക്കുന്നു. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ ലോഗോ കണ്ണൂർ കനറാ ബാങ്ക് ഹാളിൽ നടന്ന സാമ്പത്തിക അവലോകന യോഗത്തിൽ കെ. സുധാകരൻ എം.പി പ്രകാശനം ചെയ്തു. ഡിജിറ്റൽ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗത്തിൽ ആരംഭം കുറിച്ചത്.

ഡിജിറ്റലൈസേഷന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ ബാങ്കുകൾ ഗ്രാമങ്ങൾ തോറും അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. നിലവിലുള്ള സേവിംഗ്സ്, കറന്റ് അക്കൗണ്ട് ഇടപാടുകാർക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഡിജിറ്റൽ മാദ്ധ്യമം വഴി ബാങ്ക് ഇടപാടുകൾ വേഗത്തിൽ സുരക്ഷിതവും സുതാര്യവുമായി നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യുപിഐ, ക്യു ആർ കോഡ്, യു.എസ്.എസ്.ഡി, ആധാർ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനം മുതലായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ ഉടനീളം സംഘടിപ്പിക്കും. ഡെപ്യൂട്ടി കളക്ടർ (എൽആർ) എ. രാധ അദ്ധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് മാനേജർ പി. അശോക് പദ്ധതി വിശദീകരണം നടത്തി. കനറാ ബാങ്കിന്റെ ജില്ല മേധാവി എ.യു രാജേഷ്, ജില്ലാ ലീഡ് ബാങ്ക് ഡിവിഷനൽ മാനേജർ ടി.എം രാജ്കുമാർ, നബാർഡ് ഡി.ഡി.എം ജിഷിമോൻ എന്നിവർ സംസാരിച്ചു.