
മട്ടന്നൂർ: പ്രതികൂല കാലാവസ്ഥയിൽ ലാൻഡിങ്ങ് സാധ്യമാവാതെ വന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചു വിട്ടു. ഇന്നലെ രാവിലെ 7.45 ന് കണ്ണൂരിലിറങ്ങേണ്ട ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് വഴിതിരിച്ചു വിട്ടത്. കനത്ത മഴയിലും കാറ്റിലും പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ സാധിക്കാതെ വന്നതോടെയാണിത്. രണ്ടു തവണ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് 9.15ന് കോയമ്പത്തൂരിൽ ഇറങ്ങിയ ശേഷം രാവിലെ 11 ഓടെയാണ് തിരികെ കണ്ണൂരിലെത്തിയത്. സാങ്കേതിക കാരണങ്ങളാൽ ഇൻഡിഗോയുടെ രണ്ടു സർവീസുകൾ ഇന്നലെ റദ്ദാക്കി. ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തേണ്ട വിമാനവും 1.10 ന് കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്.