
കാസർകോട്: മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ ക്രമസമാധാനം തകർക്കുന്ന വിധം അനിഷ്ടസംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ജില്ലയിലെ എം.എൽ.എമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഈ മേഖലയിൽ പരിശോധനയ്‌ക്കും നിരീക്ഷണത്തിനുമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൈവളിഗെയിൽ അനുവദിച്ച പൊലീസ് സ്‌റ്റേഷൻ പ്രവർത്തന സജ്ജമാക്കാനുള്ള നടപടികളും സ്വീകരിക്കും. ഡോളർ കടത്ത്, ആളുകളെ കൊല്ലാൻ ക്വട്ടേഷൻ എന്നിവ അനുദിനം വർധിക്കുകയാണെന്നും കൊലപാതകം വരെ നടന്നതോടെ ജനങ്ങളാകെ ഭീതിയിലുമാണെന്നും സർക്കാരിന്റെ ക്രിയാത്മ ഇടപെടലിലൂടെയേ ഇതിന് അറുതിവരുത്താൻ സാധിക്കൂവെന്ന് എം.എൽ.എമാർ മുഖ്യമന്ത്രിയെ അറിയിച്ചു. എം.രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, എ. കെ എം അഷറഫ്, സി എച്ച് കുഞ്ഞമ്പു എന്നിവരും ചന്ദ്രശേഖരനൊപ്പമുമുണ്ടായിരുന്നു.