പട്ടുവം: രണ്ടുവർഷം കൂടി കഴിഞ്ഞാൽ ശതാബ്ദി ആഘോഷിക്കേണ്ടുന്ന സ്കൂളാണ് പട്ടുവംകടവ് റോഡരികിലെ സർക്കാർ എൽ.പി സ്‌കൂൾ. എന്നാൽ, 98 വർഷമായിട്ടും വാടക കെട്ടിടത്തിൽ നിന്ന് സ്കൂളിന് മോചനമില്ല. ഇപ്പോഴാണെങ്കിൽ കെട്ടിടത്തിന് നല്ല കാലപ്പഴക്കമായി.
കെട്ടിടത്തിന് ഇടയ്ക്കിടേ വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾ പൂർവവിദ്യാർത്ഥികളും പട്ടുവം ജുമാഅത്ത് കമ്മിറ്റിയും നടത്തുന്നതുകൊണ്ടാണ് പഴഞ്ചൻ കെട്ടിടം നിലംപൊത്താതെ നിൽക്കുന്നത്. സ്കൂൾ പരിസരത്തെ വലിയ വെള്ളക്കെട്ടാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് ഏറേ പ്രയാസം സൃഷ്ടിക്കുന്നത്. പഞ്ചായത്തോ ആരോഗ്യപ്രവർത്തകരോ ഇക്കാര്യം കണ്ടഭാവം നടിക്കുന്നില്ല. കുളംപോലെ തോന്നിക്കുന്ന വെള്ളക്കെട്ടിന്റെ മറുഭാഗത്തുള്ള മൂത്രപ്പുരയിലേക്ക് പോകാൻ ഇപ്പോൾ കുട്ടികൾക്ക് സാധിക്കാത്ത സ്ഥിതിയാണ്.
സ്കൂളിന് പുതിയ കെട്ടിടം പണിയാനുള്ള 13 സെന്റ് സ്ഥലം പട്ടുവം ജുമാഅത്ത് കമ്മിറ്റി നല്കിയെങ്കിലും കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ലഭിക്കുകയുണ്ടായില്ലെന്നാണ് പറയുന്നത്. പട്ടുവം പുഴ അടുത്തുകൂടി ഒഴുകുന്നുവെന്ന കാരണമാണത്രെ അനുമതിക്ക് തടസമായത്.