
കണ്ണൂർ: ജീവിത ദുരിതങ്ങളുടെ കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടുകയാണ് ആറളം ഫാം പുനരധിവാസമേഖലയിലെ ആദിവാസി സ്ത്രീകൾ. കുടുംബശ്രീ സംരംഭമായ 'ആദി കുട' നാൽപ്പതോളം കുടുംബങ്ങൾക്ക് തണലാണ്. ഒരാൾ ദിവസം പത്ത് കുട നിർമ്മിക്കണം. ഒരു കുടയ്ക്ക് 70 രൂപ വച്ച് 700 രൂപ കിട്ടും. തൊഴിലുറപ്പിൽ ദിവസം 300 രൂപയേ കിട്ടൂ.
ഒൻപതാം ബ്ലോക്കിലെ സി.ആർ. മിനി, സിന്ധു, അംബിക, അജിത, സന്ധ്യ, രജിത...എല്ലാവരും ഈ സന്തോഷം പങ്കിടുന്നു. സംഘത്തിലെ ഭൂരിഭാഗം പേരും ദിവസം പന്ത്രണ്ട് കുടവരെ നിർമ്മിക്കുന്നുണ്ട്.
രണ്ട് മാസം, 7000 കുടകൾ
₹4 ലക്ഷം ലാഭം
സീസൺ ആയതോടെ തുടക്കത്തിൽ അയ്യായിരത്തിലേറെ ഒാർഡറുകളാണ് ലഭിച്ചത്. രണ്ട് മാസം കൊണ്ട് 7000 കുടകൾ വിറ്റു. ത്രീഫോൾഡ് കുടകൾക്കാണ് ഡിമാൻഡ്. നാല് ലക്ഷം രൂപ ലാഭം. 20 ലക്ഷം രൂപയാണ് മുടക്ക് മുതൽ. കഴിഞ്ഞ വർഷം 25 ലക്ഷം മുടക്കി. 1.75 രൂപ ലാഭമുണ്ടായി. ഇത്തവണ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ വായ്പ നൽകി.
ഡിസംബറോടെ കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി മാസം 1000 കുടകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കുടുംബശ്രീയുടെ ആറളം പട്ടികവർഗ പദ്ധതിയിൽ 2021 ഏപ്രിൽ 16ന് 30 ആദിവാസി സ്ത്രീകളെ കുട നിർമ്മാണം പഠിപ്പിച്ചായിരുന്നു തുടക്കം. 11 അംഗങ്ങളെക്കൂടി ചേർത്ത് നിള, ലോട്ടസ് യൂണിറ്റുകൾ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തു. മൂന്നു മടക്കുള്ള 500 കുടകൾ നിർമ്മിച്ച് സി.ഡി.എസുകൾ വഴി വിറ്റു. വിലക്കുറവും ഗുണമേന്മയും കാരണം വില്പന പൊടിച്ചു. പിന്നെ അഞ്ച് മടക്ക്, പ്രിന്റ്, കുട്ടികൾക്കുള്ള കുടകൾ എന്നിവ നിർമ്മിക്കാൻ പരിശീലനം നൽകി. രണ്ടായിരത്തോളം കുടകൾ വിറ്റു. കുടനിർമ്മാണ കിറ്റ് വാങ്ങി വീട്ടിലിരുന്ന് കുടയുണ്ടാക്കി വിപണിയിൽ എത്തിക്കുകയാണ് രീതി. കൂലിവേല ചെയ്ത് ജീവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്ക് പഞ്ഞമാസങ്ങളിൽ അധിക വരുമാനമാണ് ലക്ഷ്യം.
ആദി കുടയുടെ വില
250 - 450 രൂപ
പ്രിന്റ് കുട 345 രൂപ
ത്രീ ഫോൾഡ് കറുത്ത കുട 325 രൂപ
കളർ കുട 335 രൂപ
ആദി കുട മികച്ച ലാഭം നേടി. ആദിവാസി സ്ത്രീകൾക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്‌തു.
---ഡോ. എം. സുർജിത്ത്, കോ-ഒാർഡിനേറ്റർ, കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ