കാസർകോട്: സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായ തൊഴിലാളി നേതാവിനെയാണ് പി. രാഘവൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ നിര്യാണത്തിലൂടെ ജില്ലയ്ക്ക് നഷ്ടമായത്. ജില്ലയിൽ ഇന്ന് സി.പി.എം നിയന്ത്രണത്തിലുള്ള ഒട്ടേറെ സഹകരണ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചത് പി. രാഘവനായിരുന്നു.
1991 മുതൽ 2001 വരെ തുടർച്ചയായി പത്ത് വർഷം ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ പി. രാഘവൻ വിവിധ നിയമസഭാ കമ്മിറ്റികളിൽ അംഗമായിരുന്നു. 1984 ൽ സി.പി.എം ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതൽ ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും പ്രവർത്തിച്ചു. ഇടതുമുന്നണി ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേന്ദ്ര കൗൺസിലംഗം, ജില്ലാ ജനറൽ സെക്രട്ടറി, കേരള റോഡ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ നീണ്ടകാലം പ്രവർത്തിച്ചു. 1974 മുതൽ 84 വരെ സി.പി.എം കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു.
നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും പൊലീസ് പീഡനവും ജയിൽ ശിക്ഷയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1969 ലെ തലപള്ളം കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു. ജില്ലയിലെ മോട്ടോർ തൊഴിലാളികളെയും ബീഡി തൊഴിലാളികളെയും സംഘടിപ്പിച്ച് അവർക്ക് വേണ്ടി മുന്നണി പോരാളിയായി.
1981ൽ കാസർകോട് സർവ്വീസ് സഹകരണ ബാങ്ക് രൂപീകരിച്ച് അതിന്റെ പ്രസിഡന്റായി. ബീഡി തൊഴിലാളി സംഘം, ജില്ലാ ബസ് ട്രാൻസ്‌പോർട്ട് സഹകരണ സംഘം എന്നിവ രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. ജില്ലാ സഹകരണ പ്രസിന്റെ പ്രവർത്തനങ്ങളെ സജീവമാക്കി.1984ൽ മുന്നാട് കേന്ദ്രമായി ബേഡഡുക്ക എഡ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ച് പ്രസിഡന്റ് പദം അലങ്കരിച്ചു. കുണ്ടംകുഴിയിൽ ക്ലേവർക്കേഴ്സ് സഹകരണ സൊസൈറ്റിയും കൊളത്തൂർ സർവ്വീസ് സഹകരണ ബാങ്കും രൂപീകരിക്കുന്നതിൽ നേതൃത്വം നൽകി. 1979 മുതൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റാ യി 8 വർഷം തുടർന്നു. കാസർകോട് കോഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ഭരണ നേതൃത്വം ഏറ്റെടുത്ത് അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ സർവ്വകലാശാലയിലെ ഏറ്റവും വലിയ സ്വാശ്രയ കോളേജായ പീപ്പിൾസ് കോഓപറേറ്റീവ് കോളേജിന് മുന്നാട് ഇ.എം.എസ് അക്ഷരഗ്രാമത്തിൽ 2005ൽ തുടക്കമിട്ടു.
ഉഡുപ്പിയിലെ ലോ കോളേജിൽ നിന്ന് നിയമ ബിരുദമെടുത്ത പി. രാഘവൻ കുറച്ച് കാലം കാസർകോട് ബാറിൽ അഭിഭാഷകനായി ജോലി ചെയ്‌തെങ്കിലും പിന്നീട് പൂർണ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച സഹകാരിക്ക് തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ 2021ലെ ഇ. നാരായണൻ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു.