കാസർകോട്: സംസ്ഥാന സർക്കാരും ഭരണ വിഭാഗം സംഘടനകളും ചെണ്ടകൊട്ടി ആഘോഷിക്കുന്ന മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പത്താം ശമ്പളക്കമ്മിഷൻ വിഭാവനം ചെയ്ത വ്യവസ്ഥകൾക്ക് വിരുദ്ധമായി നടപ്പിലാക്കി ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെഡിസെപ്പ് പദ്ധതി സർക്കാർ വിഹിതമോ പങ്കാളിത്തമോ ഇല്ലാത്ത പദ്ധതിയാക്കി മാറ്റിയിരിക്കുന്നു. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന വിഹിതത്തിൽ നിന്ന് ഇൻഷ്വറൻസ് കമ്പനിക്ക് നൽകുന്നതിന് ശേഷം വരുന്ന കോൺട്രിബ്യൂഷൻ തുകയുടെ വിനിയോഗത്തിന് കൃത്യമായ മാർഗ്ഗരേഖയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മെഡിസെപ്പ് ഗവേണിംഗ് ബോഡി രൂപീകരിക്കുക, എല്ലാ പ്രധാന ആശുപത്രികളിലും സൗജന്യ ചികിത്സാ സൗകര്യം ഉറപ്പു വരുത്തുക, പരിധിയില്ലാതെ ചികിത്സാ സഹായം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ, നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, എ.വി. ഗിരീശൻ, ജി.കെ. ഗിരീഷ്, കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസൻ, കെ.വി. വാസുദേവൻ നമ്പൂതിരി, ജോർജ്ജ് തോമസ്, ഷീല ചാക്കോ, അശോകൻ കോടോത്ത്, പി.ടി. ബെന്നി, സി.എം വർഗ്ഗീസ്, ടി. രാജേഷ് കുമാർ, കെ.പി. രമേശൻ, സി.കെ. വേണു, ടി. അശോകൻ നായർ, ബിജു അഗസ്റ്റിൻ, പി. ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു.