നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിൽ
കാസർകോട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കറന്തക്കാട് ദേശീയ പാതയോരം വെള്ളത്തിൽ മുങ്ങി. ദേശീയപാത വീതി കൂട്ടുന്ന ജോലി നടക്കുന്നതിനാൽ അതിർത്തികൾ പലതും അടച്ചതിനാൽ വെള്ളത്തിന് ഒഴുകി പോകാൻ വഴിയില്ലാതായതോടെയാണ് റോഡുകൾ നിറഞ്ഞുകവിഞ്ഞത്.
കറന്തക്കാട് പെട്രോൾ പമ്പിൽ വെള്ളം കയറിയതിനാൽ ഇന്ധനം വിതരണം ചെയ്യുന്നത് മുടങ്ങി. ദേശീയപാതയുടെ ഫ്‌ളൈ ഓവർ നിർമ്മാണത്തിന്റെ പണി നടക്കുന്നതിനാലാണ് കറന്തക്കാട് ഭാഗത്ത് മുഴുവൻ അടച്ചിട്ടത്. പാതയുടെ ഇരുഭാഗത്തും അടച്ചുകൊണ്ടാണ് പണി നടത്തുന്നത്.
മധൂർ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ മധൂർ അമ്പലത്തിൽ വെള്ളം കയറി. പൂജകളും ഭക്തരുടെ ദർശനവും മുടങ്ങി. മധൂർ അമ്പലത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളിൽ വരെ വെള്ളം കയറിയിട്ടുണ്ട്. കാസർകോട് റെയിൽവെ സ്റ്റേഷനിൽ വെള്ളം കയറിയത് ട്രെയിൻ യാത്രക്കാരെ ബാധിച്ചു. റോഡിൽ നിന്നും വെള്ളം റെയിൽവേ സ്റ്റേഷനുള്ളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ചന്ദ്രഗിരി പുഴയും കരകവിഞ്ഞതോടെ പുഴയുടെ സമീപം താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചെർക്കള: ചെർക്കള ബാളക്കണ്ടത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇതേ തുടർന്ന് ചെർക്കള ഈസ്റ്റിൽ ഓവുചാലുകൾ വൃത്തിയാക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയയും വൈസ് പ്രസിഡന്റ് സഫിയ ഹാഷിമും രംഗത്തിറങ്ങി. ഹാഷിം ചെർക്കള, ഹാരിസ്, നാസർ ചെർക്കളം, ഷരീഫ്, മുഹമ്മദ് കുഞ്ഞി മസ്ജിദ് റോഡ്, കിരൺ കുമാർ, സി.എ. അഹമ്മദ് കബീർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
പടം....കനത്തമഴയിൽ കറന്തക്കാട് ദേശീയപാതയിൽ വെള്ളം കയറിയപ്പോൾ