കാഞ്ഞങ്ങാട്: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ടെലികോം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനായി സ്കിൽ അധിഷ്ഠിത സംഘടനയായ ടി.എസ്.എസ്.സി കേരളം ആസ്ഥാനമായ ബ്രിട്കോ ആൻഡ് ബ്രിഡ്കോയുമായി ധാരണയിലെത്തി. എൻ.ഇ.പി 2020-യുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ കോഴ്സുകൾ നൽകി വിദ്യാർത്ഥികൾക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനോ പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനോ ഉള്ള അവസരം നൽകുകയും ചെയ്യുന്ന ദൗത്യമാണ് ഈ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത്

പരമ്പരാഗത ബിരുദം അല്ലെങ്കിൽ ഡിപ്ലോമയ്ക്കൊപ്പം ഈ പഠന രീതിയിലൂടെ ലഭ്യമാകുന്ന സ്കിൽ സ്കോറിംഗ് സംവിധാനം അവർക്ക് ആധുനിക തൊഴിലും സംരംഭകത്വ അവസരങ്ങളും ഉറപ്പ് നൽകുന്നു. പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥി രണ്ടു വർഷത്തെ കോഴ്സ് പഠിക്കുകയാണെങ്കിൽ ടെക്നിക്കൽ സർട്ടിഫിക്കേഷ നു പുറമെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് അഭിരുചിയും മാനേജ്മന്റ് അഡ്മിനിസ്ട്രേഷൻ പരിശീലനവും പരീക്ഷയും നടത്തി എൻ.എസ്.ക്യു.എഫ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് നൽകും. ഇതിലൂടെ ഗൾഫ് രാഷ്ട്രങ്ങൾക്ക് പുറമെ യൂറോപ്പ് മുതലായ വിദേശരാഷ്ട്രങ്ങളിലും മൊബൈൽ ഫോൺ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള അവസരം തുറന്നുകിട്ടും. സ്കൂൾ ഹയർ സെക്കൻഡറി തലങ്ങളിൽ ഇലക്ട്രോണിക്സ് പഠിക്കുന്ന സംവിധാനം കൊണ്ടുവരണം . ഇതിനായി ബ്രിട്കോ ആൻഡ് ബ്രിഡ്കോ ടി.എസ്.എസ്.സി മുഖേന ശ്രമിക്കും. ബ്രിട്കോ ആൻഡ് ബ്രിഡ്കോ ടെക്നിക്കൽ ട്രെയിനിംഗിന് പുറമെ നിർമാണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഇന്ത്യയെ ഒരു കയറ്റുമതി രാജ്യമായി ഉയർത്തുന്നതിൽ പങ്കു വഹിക്കുമെന്നും എം.ഡി മുത്തു കോഴിച്ചെന അറിയിച്ചു. വാർത്താസമ്മേളനത്തിൽ എസ്.എസ്.എസ്.സി സി.ഇ.ഒ അരവിന്ദ് ബാലി, ബ്രിട്കോ ആൻഡ് ബ്രിഡ്കോ മാനേജിംഗ് ഡയറക്ടർ മുത്തു കോഴിച്ചെന, എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ, ഡൽഹി ഐ.എം.പി.ടി മാനേജിംഗ് ഡയറക്ടർ വി.പി.എ കുട്ടി, എന്നിവർ പങ്കെടുത്തു.