പയ്യന്നൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പയ്യന്നൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ മിക്ക സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പെരുമ്പ തായത്തുവയൽ, കവ്വായി, തായിനേരി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കാനായി മീങ്കുഴി അണക്കെട്ട് കരകവിഞ്ഞൊഴുകി.

മഴ തുടർന്നാൽ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാവും. പെരുമ്പ പുഴയും പലയിടത്തും നിറഞ്ഞൊഴുകുയാണ്.

മഴ പയ്യന്നൂരിൽ നാശനഷ്ടങ്ങളും വരുത്തി തുടങ്ങി. രണ്ടിടങ്ങളിലായി വീടും കിണറും തകർന്നു. മാവിച്ചേരി കുളങ്ങര യശോദയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീഴുകയായിരുന്നു. ആളപായമില്ല. ഏകദേശം 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തെങ്ങ് മുറിച്ച് മാറ്റാൻ നിർദ്ദേശം നൽകിയതായി റവന്യു അധികൃതർ അറിയിച്ചു.

കോറോം കൊക്കോട്ട് സജിതയുടെ വീട്ടിലെ കിണർ ഇടിഞ്ഞുവീണു. പെരിന്തട്ട വില്ലേജ് ഓഫീസിലെ വൈദ്യുതി മീറ്റർ, മെയിൻ സ്വിച്ച് എന്നിവയിൽ വെള്ളം കയറി വൈദ്യുതി നിലച്ചത് ഓഫീസ് പ്രവർത്തനത്തെയും ബാധിച്ചു.