കണ്ണൂർ: ജില്ലയിൽ കാലവർഷം ശക്തമായതോടെ വൻനാശനഷ്ടം. മലയോരത്ത് നിരവധി വീടുകൾ തകർന്നു. പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മരങ്ങൾ കടപുഴകി മലയോര ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധമറ്റു. നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളക്കെട്ടുണ്ടായി. ശക്തമായ കാറ്റിൽ പിണറായിയിൽ വീടുതകർന്നു. പ്രഭാവതിയുടെ ഓടിട്ട വീടാണ് തകർന്നത്. സഹോദരൻ സജിത്തിന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആറരയോടെയാണ് അപകടം. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
ശ്രീകണ്ഠപുരം ടൗണിലെ കാളിയത്ത് മുഹമ്മദിന്റെ ഓടുമേഞ്ഞ വീട് തകർന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തകർന്നിട്ടുണ്ട്.
ഇരിട്ടി മേഖലയിൽ വിളക്കോട് കുന്നത്തൂരിലെ റഫീക്കിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കേടുപാടുകൾ പറ്റി. കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളിയിൽ തങ്ങളെ വളപ്പിൽ റസിയയുടെ വീട്ടുമതിൽ തകർന്നു. മതിൽ വീണതുകാരണം തൊട്ടടുത്തെ നേർലാട്ട് ഗഫൂറിന്റെയും സഹോദരിയുടെയും വീടുകൾക്ക് കേടുപാട് പറ്റി. മാലൂർ പഞ്ചായത്തിലെ നിട്ടാപറമ്പിൽ വീടുനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നിറച്ച് കെട്ടിയുയർത്തിയ സംരക്ഷണഭിത്തി തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം. ചെങ്കല്ലിൽ പണിത പാർശ്വഭിത്തിയും കോൺക്രീറ്റ് ബെൽട്ടും തകർന്നിട്ടുണ്ട്.
കനത്തമഴയിൽ കണ്ണൂർ നഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ അണ്ടർ ബ്രിഡ്ജ്, താവക്കര, മുനീശ്വരൻ കോവിൽ, റെയിൽവേ സ്‌റ്റേഷൻ റോഡ്, കക്കാട് എന്നിവടങ്ങളിൽ കാൽനടയാത്ര പോലും ദുഷ്‌കരമായി.