അഴീക്കോട് :അഴീക്കോടിനെ അടുത്തറിയാം, 'വിദ്യാലയ ചരിത്രസ്മൃതി'യിലൂടെ കടൽക്കരയിലെ പാണ്ടികശാല, കുടിപ്പള്ളിക്കൂടം, എഴുത്തുപള്ളിക്കൂടം... എന്നിങ്ങനെ എളിയതായിരുന്നു പല തുടക്കങ്ങളും. പിന്നീട് വളർന്നും തളർന്നും ഒടുവിൽ കുതിച്ചും മികവിന്റെ കേന്ദ്രങ്ങളായ നാട്ടിലെ വിദ്യാലയങ്ങളെ അടുത്തറിയാനുള്ള അവസരമാണ് അഴീക്കോട് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രം 'വിദ്യാലയ ചരിത്ര സ്മൃതി' എന്ന പേരിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പുസ്തക രൂപത്തിൽ പുറത്തിറക്കി.സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് സ്‌കൂളുകളുടെ ചരിത്രം ചേർത്തുവച്ച് പുസ്തകം തയ്യാറാക്കുന്നത്. അഴീക്കോടിന്റെ സാമൂഹിക സാംസ്‌കാരിക വികാസവും ഇതിലൂടെ വായിച്ചറിയാം.
ഓലപ്പുരയിൽ തുടങ്ങി ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളായി വളർന്ന വിദ്യാലയങ്ങൾ ഇവിടെയുണ്ട്. ഓരോ സ്‌കൂളിനെ കുറിച്ചും അദ്ധ്യാപകർ തയ്യാറാക്കിയ ലഘു വിവരണവും ഇതിലുണ്ട്. മൂന്ന് ഹയർ സെക്കൻഡറി, നാല് യു.പി, ഒമ്പത് എൽ.പി എന്നിവ അടങ്ങുന്നതാണ് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ ശൃംഖല. 1850ൽ മുണ്ടച്ചാലി കേളൻ ഗുരുക്കൾ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മീൻകുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയവും ഇതാണ്. ഡോ.സുകുമാർ അഴീക്കോട്, ടി.വി.അനന്തൻ, എം.ടി.കുമാരൻ, എ.കെ.നായർ, പി.ഗോപാലൻ, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ തുടങ്ങി നിരവധിപേർ അഴീക്കോട് ഗ്രാമത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവരാണ്.
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, സെക്രട്ടറി കെ.കെ.രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പി.കെ. സുധാകരൻ ചീഫ് എഡിറ്ററായാണ് പുസ്തകം തയ്യാറാക്കിയത്.
ചരിത്രത്തിൽ ഈ വിദ്യാലയങ്ങൾ
അഴീക്കോട് ഗവ. ഹയർസെക്കൻഡറി, അക്ലിയത്ത് എൽ പി, അഴീക്കോട് നോർത്ത് യുപി, അഴീക്കോട് സെൻട്രൽ എൽപി, മൂന്നുനിരത്ത് രാമജയം യു.പി, അഴീക്കോട് ഗവ. മാപ്പിള എൽ.പി, അഴീക്കോട് ഗവ. ഫിഷറീസ് എൽ.പി., അഴീക്കോട് കിഫായത്തുൽ ഇസ്ലാം മദ്രസ, അഴീക്കോട് പൂതപ്പാറ സൗത്ത് യു.പി., അഴീക്കോട് വെസ്റ്റ് എൽ.പി., ഗവ. മാപ്പിള എൽ.പി., ഹിദായത്തുൽ ഇസ്ലാം മദ്രസ എൽ.പി., അഴീക്കോട് വൻകുളത്ത്വയൽ ഹയർ സെക്കൻഡറി, അഴീക്കോട് ഈസ്റ്റ് എൽ.പി, അഴീക്കൽ ജി.ആർ.എഫ്.ടി.വി.എച്ച്, കപ്പക്കടവ് ജമാഅത്ത് എൽ.പി എന്നിവയുടെ ചരിത്രമാണ് പുസ്തകത്തിൽ ഉള്ളത്.